നേതാജിയുടെ 125-ാം ജന്മവാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കം

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി. നേതാജിയുടെ ജീവിതം ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് കൊല്‍ക്കത്തയില്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങില്‍ ബി.ജെ.പി അനുകൂല മുദ്രാവാക്യം മുഴങ്ങിയതോടെ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രസംഗം പാതിവഴിയില്‍ നിര്‍ത്തി. നേതാജിയുടെ ആശയങ്ങളില്‍ ഒന്നായിരുന്ന ആസൂത്രണകമ്മിഷന്‍ പുനസ്ഥാപിക്കണമെന്ന് മമത ആവശ്യപ്പെട്ടു.  

  

അപ്രത്യക്ഷനായി ഏഴരപതിറ്റാണ്ട് പിന്നിടുമ്പോഴും ഇന്ത്യന്‍ ജനതയെ കോരിത്തരിപ്പിക്കുന്ന നേതാജിക്ക് 125–ാം ജന്മദിനം. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി, നാണയവും സ്റ്റാമ്പും പുസ്തകവും പുറത്തിറക്കി. നേതാജിയുടെ ഐ.എന്‍.എയിലെ വീരസേനാംഗങ്ങളെയും മോദി ആദരിച്ചു. 

ചടങ്ങില്‍ ബി.ജെ.പി അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത് മമതയെ ചൊടിപ്പിച്ചു. രാഷ്ട്രീയ വേദിയല്ലെന്ന് ഓര്‍മിപ്പിച്ച് മമത പ്രസംഗം പൂര്‍ത്തിയാക്കാന്‍ വിസമ്മതിച്ചു. നേതാജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബംഗാള്‍ സര്‍ക്കാര്‍ പദയാത്രയ്‍ക്ക് നേതൃത്വം നല്‍കിയ മമത ബാനര്‍ജി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.