അലര്‍ജിയുള്ളവര്‍ കോവിഡ് വാക്സീൻ ഉപയോഗിക്കരുത്; നിര്‍ദേശം

അലര്‍ജിയുള്ളവര്‍ കോവിഡ് വാക്സീൻ ഉപയോഗിക്കരുതെന്ന്  മാര്‍ഗനിര്‍ദേശം. കോവിഷീല്‍ഡിന്‍റേയും, കോവാക്സീന്‍റേയും കമ്പനികള്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഗുരുതര അലര്‍ജിയുള്ളവര്‍ കുത്തിവയ്പെടുക്കരുത് എന്ന മുന്നറിയിപ്പ്. ഏതെങ്കിലും മരുന്ന്, ഭക്ഷണം, വാക്സീന്‍ എന്നിവയോട് അലര്‍ജിയുള്ളവർക്കായാണ് മുൻകരുതൽ നിർദേശം. 

അനാഫിലാസിസ് പോലുള്ള ഗുരുതര അലർജിയുള്ളവർ കോവിഡ് വാക്സീൻ എടുക്കരുത്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവർക്ക് പുറമെ ഗർഭം ധരിക്കാൻ പദ്ധതിയിടുന്നവരും കോവീഷിൽഡ് സ്വീകരിക്കുന്നതിന് മുൻപ് വാക്സിനേറ്ററുടെ അഭിപ്രായം തേടണം. പ്രതിരോധശേഷി അമര്‍ച്ച ചെയ്യുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവരും പ്രതിരോധശേഷി കുറവുള്ളവരും കോവാക്സീൻ എടുക്കരുതെന്നാണ് മുന്നറിയിപ്പ്. കീമോതെറാപ്പി ചെയ്യുന്ന കാന്‍സര്‍ രോഗികള്‍,  എച്ച്.ഐ.വി. പോസറ്റീവ് ആയ രോഗികള്‍ എന്നിവാണ് ഇത്തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്നത്.  

രക്തം കട്ടിയാകുന്ന അവസ്ഥയ്ക്ക് മരുന്ന് കഴിക്കുന്നവർ, രക്തസ്രാവ പ്രശ്നങ്ങൾ ഉള്ളവർ എന്നിവരും കോവാക്സീൻ എടുക്കരുതെന്നാണ് കമ്പനി അറിയിക്കുന്നത്. എന്നാൽ ഇവർക്ക് വാക്സിനേറ്ററുടെ അഭിപ്രായം തേടിയശേഷം വാക്സീൻ സ്വീകരിക്കാമെന്നാണ് കോവീഷീൽഡ് നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ടിൻറെ നിർദേശം. മറ്റ് കോവിഡ് വാക്സീൻ സ്വീകരിച്ചവർ ഇരു വാക്സീനുകളും എടുക്കരുത്. ആദ്യ ഡോസ് സ്വീകരിച്ചശേഷം കാര്യമായ അലർജിയുണ്ടായാൽ രണ്ടാംഡോസ് ഒഴിവാക്കണം. വിദേശരാജ്യങ്ങളിൽ വ്യാപകമായി വിതരണം ചെയ്യുന്ന ഫൈസർ വാക്സീനും അലർജിയുള്ളവർ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഇന്ത്യയിൽ വാക്സീൻ സ്വീകരിച്ച ആരിലും ഇതുവരെ ഗുരുതരപാര്‍ശ്വഫലമില്ല. വാക്സിനേഷന്‍ കേന്ദ്രത്തിലെത്തിയശേഷമുള്ള എല്ലാ ഘട്ടത്തിലും ഇത്തരം രോഗവിവരങ്ങള്‍ കൃത്യമായി ചോദിച്ച് മനസിലാക്കി സുരക്ഷിതത്വം ഉറപ്പാക്കിയശേഷം മാത്രമാണ് കുത്തിവയ്പ്.