പാർലമെന്റ് കാന്റീനിൽ ഇനി ഭക്ഷണത്തിന് സബ്സിഡിയില്ല; 8 കോടി ലാഭം; റിപ്പോർട്ട്

കുറഞ്ഞ വിലയിൽ ഭക്ഷണം വാങ്ങി വയറു നിറയ്ക്കാമെന്ന് എംപിമാർ കരുതേണ്ട. പാർലമെന്റ് കാന്റീനുകളിൽ ഇനി മുതൽ സബ്സിഡിയില്ലാത്തതു തന്നെ കാരണം. ലോക്സഭാ സ്പീക്കർ ഓം ബിർളയാണ് സബ്സിഡി സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സബ്സിഡി നിർത്തലാക്കുന്നതോടെ എത്രത്തോളം ലാഭമുണ്ടാകുമെന്ന വിശദമായ വിവരങ്ങൾ സ്പീക്കർ വെളിപ്പെടുത്തിയില്ലെങ്കിലും ഏകദേശം എട്ട് കോടി രൂപയോളമടുത്ത് ലാഭിക്കാന്‍ ലോക്സഭാ സെക്രട്ടറിയേറ്റിന് കഴിയുമെന്നാണ് വിലയിരുത്തൽ. ജനുവരി 29ന് തുടങ്ങാനിരിക്കുന്ന അടുത്ത പാർലമെന്റ് സെഷനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  

നോർതേൺ റെയിൽവേയുടെ കീഴിൽ നടത്തിപ്പോന്ന കാന്റീൻ ഇനി മുതൽ ഇന്ത്യൻ ടൂറിസം ഡെവലപ്മെന്റ് കോർപറേഷനു കീഴിലാകുമെന്നും സ്പീക്കർ പറഞ്ഞു. എല്ലാ എംപിമാരും ബജറ്റ് സെഷനു മുമ്പായി കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. രാജ്യസഭ രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് രണ്ട് വരെ സമ്മേളിക്കുമ്പോൾ ലോക്സഭയുടെ സമ്മേളന സമയം വൈകീട്ട് നാല് മുതൽ എട്ട് വരെയാകും. ചോദ്യോത്തര വേള സെഷനിടെ ഒരു മണിക്കൂറിൽ നടത്തുമെന്നും സ്പീക്കർ അറിയിച്ചു.  ആര്‍ടിപിസിആർ പരിശോധയ്ക്കുളള എല്ലാ സജ്ജീകരണങ്ങളും എംപിമാരുടെ വസതികള്‍ക്കടുത്ത് െചയ്തിട്ടുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു.

പാർലമെന്റിൽ കയറുന്നതിനു മുമ്പുളള ടെസ്റ്റുകൾ ജനുവരി 27നും 28നും നടത്താനാണ് തീരുമാനം. എംപിമാരും സ്റ്റാഫുകളും കുടുംബാംഗങ്ങളും നിർബന്ധമായി കോവിഡ് ടെസ്റ്റുകൾ നടത്താനും നിർദേശമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുശാസിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാർലമെന്റിനും ബാധകമാണെന്ന് ബിർള പറഞ്ഞു.