രാമക്ഷേത്ര നിർമാണത്തിന് 5 ലക്ഷം നൽകി രാഷ്ട്രപതി; ക്യാംപെയ്നും തുടക്കം

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വക 5 ലക്ഷം രൂപ സംഭാവന. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ക്ഷേത്ര നിർമാണ നടത്തിപ്പിനായി സർക്കാർ നിയോഗിച്ച റാം ജൻമഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിലാണ് രാഷ്ട്രപതി സംഭാവന കൈമാറിയത്. 

''ഇന്ത്യയുടെ പ്രഥമപൗരനെന്ന നിലയ്ക്ക് അദ്ദേഹത്തിൽ നിന്നാണ് ഞങ്ങൾ ഈ ദൗത്യം തുടങ്ങിയത്. അദ്ദേഹം 5,01,000 രൂപ സംഭാവന നൽകി'', വിശ്വബിന്ദു പരിഷത്ത് അധ്യക്ഷൻ അലോക് കുമാർ പറഞ്ഞു. 

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ്സിങ്ങ് ചൗഹാൻ ക്ഷേത്രനിർമാണത്തിനുള്ള സംഭാവനയിലേക്ക് 1 ലക്ഷം നൽകി. 

ക്ഷേത്രനിർമാണത്തിനായി ജനുവരി 15 മുതൽ ഫെബ്രുവരി 5 വരെ റാം ജൻമഭൂമി മന്ദിർ നിധി സമർപ്പൺ അഭിയാൻ എന്ന പേരിൽ ഒരു ക്യാംപെയ്നും വിശ്വഹിന്ദു പരിഷത്ത് തുടക്കം കുറിച്ചിട്ടുണ്ട്. ക്ഷേത്രനിർമാണത്തിനായി  1,100 കോടി രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.