രാമക്ഷേത്രനിർമാണത്തിന് രത്നവ്യാപാരിയുടെ 11 കോടി!; ലക്ഷങ്ങൾ നൽകി മറ്റുള്ളവരും

അയോധ്യയിലെ രാമക്ഷേത്രനിർ‌മാണത്തിന് സൂറത്തിലെ വ്യാപാരി സംഭാവന നൽകിയത് 11 കോടി. രത്നവ്യാപാരി ഗോവിന്ദ്ഭായ് ധോലാക്യ ആണ് വിശ്വഹിന്ദു പരിഷത്തിന് സംഭാവന കൈമാറിയത്. വർഷങ്ങളായി ആർഎസ്എസുമായി അടുത്ത ബന്ധമുള്ളയാളാണ് ഗോവിന്ദ്ഭായ് ധോലാക്യ. 

സൂറത്തിലെ മറ്റൊരു വ്യാപാരിയായ മഹേഷ് കബൂത്തര്‍വാല അഞ്ച് കോടി രൂപയും ലവ്ജി ബാദുഷ ഒരു കോടിയും സംഭാവനയായി നൽകി. ബിജെപിയുടെ ട്രഷററായ സുരേന്ദ്ര പട്ടേല്‍ അഞ്ച് ലക്ഷമാണ് നൽകിയത്. ഗുജറാത്തിലെ വിവിധ വ്യാപാരികൾ 5 ലക്ഷം മുതൽ 21 ലക്ഷം വരെയും സംഭാവന നൽകിയിട്ടുണ്ട്.

ഇന്നാണ് ക്ഷേത്രനിര്‍മാണത്തിനുള്ള ഫണ്ട് ശേഖരണം ആരംഭിച്ചത്. ആദ്യ സംഭാവനയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് 5 ലക്ഷം രൂപ നൽകി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ്സിങ്ങ് ചൗഹാൻ ഒരു ലക്ഷമാണ് നൽകിയത്. 

ജനുവരി 15 മുതൽ ഫെബ്രുവരി 5 വരെ റാം ജൻമഭൂമി മന്ദിർ നിധി സമർപ്പൺ അഭിയാൻ എന്ന പേരിൽ ഒരു ക്യാംപെയ്നും വിശ്വഹിന്ദു പരിഷത്ത് തുടക്കം കുറിച്ചിട്ടുണ്ട്. ക്ഷേത്രനിർമാണത്തിന് 1,100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.