ധാരാവിയിൽ പ്രതിദിനകോവിഡ് കേസ് പൂജ്യം; സർക്കാരിന് കയ്യടി

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവി ക്രിസ്മസ് ദിനത്തിൽ രാജ്യത്തിന് വലിയ സമ്മാനം നൽകി. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ പൂജ്യം രേഖപ്പെടുത്തിയാണ് ധാരാവി ലോകത്തിന് മാതൃകയാവുന്നത്. കോവിഡ് പ്രതിരോധത്തിൽ മഹാരാഷ്ട്ര സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടം. അത്രമാത്രം ഭീതിയിൽ നിന്നാണ് ധാരാവി ഇന്ന് ലോകത്തെ നോക്കി പുഞ്ചിരിക്കുന്നത്. 

സാമൂഹിക അകലം പോലും പ്രായോഗികമല്ലാത്ത ചേരിയില്‍ ഒൻപതു ലക്ഷത്തിലേറെ പേരാണ് താമസിക്കുന്നത്. അവിടെയാണ് പ്രതിദിന കോവിഡ് കണക്കിൽ പൂജ്യം വരുന്നത്. നിലവില്‍ 12 രോഗികള്‍ മാത്രമാണ് ധാരാവിയില്‍ ചികിത്സയില്‍ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 9ന് മഹാരാഷ്ട്രയിൽ ആദ്യത്തെ കോവിഡ് കേസ് കണ്ടെത്തുമ്പോൾ ധാരാവി രോഗത്തെ എങ്ങനെ അതിജീവിക്കും എന്നതിനെക്കുറിച്ചായിരുന്നു ചർച്ചകൾ. 

എന്നാൽ കൂടുതൽ സ്വകാര്യ ക്ലിനിക്കുകൾ തുറന്ന് രോഗലക്ഷണമുള്ളവർക്ക് ചേരിയിൽത്തന്നെ ചികിത്സ ലഭ്യമാക്കി പ്രതിരോധം തീർത്തു. ലക്ഷണങ്ങളുള്ളവരെയും സമ്പർക്കത്തിൽ വന്നവരെയും ക്വാറന്റീനിലാക്കി. ഓരോ കുടിലിലും കയറിയിറങ്ങി പരിശോധന വ്യാപകമാക്കി. അൻപതിനായിരത്തോളം കുടിലുകളിൽ എത്തി 7 ലക്ഷത്തിലേറെപ്പേരെയാണു പരിശോധിച്ചത്.  

മുംബൈയിൽ രോഗമുക്തി 41 ശതമാനമാണെങ്കിൽ ധാരാവിയിൽ 51 ശതമാനമായിരുന്നു. ലോക്ഡൗൺ ഉറപ്പാക്കാൻ വൻതോതിൽ പൊലീസിനെ വിന്യസിച്ചിരുന്നു. പതിനായിരക്കണക്കിനു പേർ ധാരാവിയിൽനിന്നു സ്വന്തം നാടുകളിലേക്കു മടങ്ങിയതോടെ മേഖലയിലെ തിരക്കു കുറഞ്ഞു. ഇതോടെ ആശ്വാസത്തിന്റെ തുരുത്തായി രാജ്യത്തിന് തന്നെ ധാരാവി മാതൃകയായി.