യു.കെയില്‍ നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരന് കോവിഡ്; നിരീക്ഷണത്തില്‍

ഇംഗ്ലണ്ടിൽ നിന്ന് ചൈന്നൈയിലെത്തിയ യാത്രക്കാരന് കോവിഡ്.ജനിതകമാറ്റം സംഭവിച്ച വൈറസ് ആണോ എന്നറിയാൻ ഇയാളുടെ സാംപിളുകൾ ശേഖരിച്ച് പൂനെയിലേക്കയച്ചു. രോഗിയെ നിരീക്ഷിച്ചുവരികയാണ്.  ഇംഗ്ലണ്ടിൽ നിന്നെത്തിയ 14 യാത്രക്കാർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.

അതിവേഗ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്ക്കാലികമായി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഇന്ന് അര്‍ധരാത്രിയാണ് പ്രാബല്യത്തില്‍ വരിക.

ബ്രിട്ടനിൽനിന്ന് ഇന്ന് എത്തുന്നവരും പിന്നീട് മറ്റു രാജ്യങ്ങൾ വഴിയെത്തുന്നവരും വിമാനത്താവളത്തിൽ കോവിഡ് പരിശോധന നടത്തണം. ഇതിൽ കോവിഡ് സ്ഥിരീകരിക്കുന്നവരെ സർക്കാർ നിരീക്ഷണത്തിലുള്ള ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റും. നെഗറ്റീവാകുന്നവർ 7 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. സംസ്ഥാന സർക്കാരിന്റെ കർശന മേൽനോട്ടവും വേണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. യാത്രക്കാർക്കുള്ള നിർദേശങ്ങൾ വിമാനത്താവളത്തിൽ ലഭ്യമാക്കും. സംസ്ഥാന സർക്കാരുകൾ വിമാനത്താവളങ്ങളിൽ ഹെൽപ് ഡെസ്ക് സജ്ജമാക്കണം.

ഫ്രാൻസ്, ജർമനി, കാനഡ, തുർക്കി, ബൽജിയം, ഇറ്റലി, നെതർലൻഡ്സ്, ഓസ്ട്രിയ, സ്വിറ്റ്സ‍ർലൻഡ്, അയർലൻഡ്, ഇസ്രയേൽ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, റഷ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങൾ ബ്രിട്ടനിലേക്കുള്ള വിമാനയാത്ര താൽക്കാലികമായി നിർത്തി. ക്രിസ്തുമസ്, തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാനിർദേശമുണ്ട്.