മൃഗങ്ങളുടെ പടയുമായി രാജസ്ഥാൻ കർഷകർ ഡൽഹിക്ക്; കളി മാറും; വിഡിയോ

കർഷകരുടെ സമരത്തിന്റെ മുഖം തന്നെ മാറുന്ന സൂചനകളുമായി രാജസ്ഥാനിൽ നിന്നുള്ള മണ്ണിന്റെ മക്കളുടെ വരവ്. ആദ്യ ഘട്ടത്തിൽ ട്രാക്ടറുമായിട്ടാണ് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ എത്തിയതെങ്കിൽ മൃഗങ്ങളുമായിട്ടാണ് രാജസ്ഥാനിൽ നിന്നുള്ള സംഘം എത്തുന്നത്. ആയിരക്കണക്കിന് പശുക്കൾ, കാള, എരുമ തുടങ്ങിയ മൃഗങ്ങളുടെ നീണ്ട നിരയോടെയാണ് രാജസ്ഥാനിലെ കർഷകർ രാജ്യതലസ്ഥനത്തേക്ക് എത്തുന്നത്. ഇതോടെ ഇതുവരെയുള്ള മുഖം ആകില്ല കർഷകരുടെ സമരത്തിനെന്ന് ഉറപ്പാണ്. വിഡിയോ കാണാം. 

അതേസമയം എല്ലാ കർഷക യൂണിയൻ നേതാക്കളും ഡിസംബർ 14ന് സിഘു അതിർത്തിയിൽ നിരാഹാര സമരം നടത്തുമെന്ന് സംയുക്ത കിസാൻ ആന്തോളൻ നേതാവ് കമൽപ്രീത് സിങ് പന്നു അറിയിച്ചു. രാവിലെ എട്ടു മുതൽ വൈകിട്ട് അ‍ഞ്ച് വരെയാണ് നിരാഹാര സമരം.

ഞായറാഴ്ച ഡൽഹി– ജയ്പുർ ഹൈവേയിൽ ട്രാക്ടർ റാലി സംഘടിപ്പിക്കുമെന്നും കർഷകർ അറിയിച്ചു. രാവിലെ പതിനൊന്നിന് രാജസ്ഥാനിലെ ഷാജഹാൻപുരിൽ നിന്ന് ആരംഭിക്കുന്ന റാലി ജയ്പുർ– ഡൽഹി പ്രധാന പാത ഉപരോധിക്കുമെന്നും പന്നു അറിയിച്ചു. തിങ്കളാഴ്ച ദേശീയ തലത്തിൽ കർഷകർ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധവും സംഘടിപ്പിക്കും.

വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്ന് ധാരാളം പേർ സമരത്തിന്റെ ഭാഗമാകാൻ എത്തിച്ചേരുമെന്നും അദ്ദേഹം പറ‍ഞ്ഞു. കേന്ദ്ര സർക്കാരിന്റെ വിവാദ കർഷക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന സമരം 17ാം ദിനവും തുടരുമ്പോൾ പുതിയ സമരരീതികൾ ആസുത്രണം ചെയ്യുകയാണ് കർഷകർ.