അന്നമേകുന്നവന് അന്നമൂട്ടി ഗുരുദ്വാരകൾ; ജീവനാഡിയായി ലംഗറുകൾ

ഡല്‍ഹി ചലോ കര്‍ഷകപ്രക്ഷോഭത്തിന്റെ ജീവനാഡിയാണ് ഗുരുദ്വാരകള്‍ ഒരുക്കിയിട്ടുള്ള ലംഗറുകള്‍. സിംഘുവിലെ ഓരോ നൂറു മീറ്ററിലും സൗജന്യഭക്ഷണം നല്‍കുന്ന ലംഗറുകള്‍ സജീവമാണ്. പ്രതിഷേധത്തിനെത്തിയ കര്‍ഷകര്‍ മാത്രമല്ല, സിംഘുവിലെ നാട്ടുകാരും ഇപ്പോള്‍ ലംഗറിന്റെ സ്നേഹം രുചിക്കുകയാണ്. 

അന്നം നല്‍കുന്നവരെ അന്നമൂട്ടാനുള്ള അവസരമായാണ് രാജ്യതലസ്ഥാനത്തെ ഗുരുദ്വാരകള്‍ സിംഘുവില്‍ ലംഗറുകള്‍ സജീവമാക്കിയത്. വിശകുന്നവര്‍ക്ക് സൗജന്യഭക്ഷണം അഥവാ ലംഗര്‍ എന്നത് സിഖ് മതത്തിന്റെ അടിസ്ഥാന ധര്‍മമാണ്. മൂന്നാമത്തെ ഗുരുവായ ഗുരു അമര്‍ദാസിന്റെ കാലത്താണ് ലംഗറിന് പ്രചാരണം ലഭിച്ചത്. ദിവസം ഒരുലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി  ലംഗറുകളിലൂടെ ഭക്ഷണം നല്‍കുന്നത്. 

ഒന്നല്ല, അനേകം ലംഗറുകള്‍ സിംഘുവിലെ പ്രതിഷേധഭൂമിയില്‍ സജീവമാണ്. ജാതിയോ മതമോ വര്‍ഗമോ നിറമോ ഭാഷയോ ലംഗറില്‍ തടസമാകരുതെന്ന മഹാഗുരുവിന്റെ നിര്‍ദേശം പാലിക്കുന്നത് കൊണ്ട് നാട്ടുകാരും ലംഗറിന്റെ സ്വാദ് രുചിച്ചറിയുന്നു. സമരവേദിയായതുകൊണ്ട് തന്നെ പതിവില്‍ നിന്ന് 

വ്യത്യസ്തമായി അവശ്യവസ്തുക്കളും മരുന്ന് വിതരണം ലംഗറിന്റെ ഭാഗമായിട്ടുണ്ട്.