തടയുന്ന, തല്ലുന്ന പൊലീസുകാർക്കും ഭക്ഷണം വിളമ്പി ഗുരുദ്വാര; ഹൃദയം കവർന്ന് കർഷകമുന്നേറ്റം

പോരാടാനുറച്ച് കർഷകരും സർക്കാർ ഉത്തരവ് അനുസരിക്കാൻ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരും നേർക്കുനേർ വരുന്ന ചിത്രമാണ് മൂന്നുദിവസമായി രാജ്യം കാണുന്നത്. കർഷകർക്ക് രാജ്യമെങ്ങും പിന്തുണ കിട്ടുമ്പോൾ ഹൃദയം കവരുന്ന സംഭവങ്ങളും ഇതിനിടയിൽ ഉണ്ടാകുന്നുണ്ട്. തല്ലാൻ നിൽക്കുന്ന പൊലീസുകാരന് വെള്ളം കൊടുക്കുന്ന കർഷകന്റെ ചിത്രം ഇന്നലെ വൈറലായിരുന്നു. ഇതിന് പിന്നാലെ കർഷകരെ തടയാൻ നിൽക്കുന്ന പൊലീസുകാർക്ക് സൗജന്യമായി ഭക്ഷണം ഉണ്ടാക്കി വിളമ്പി നൽകുകയാണ് ഹരിയാനയിലെ കർ‌ണാലിലുള്ള സിഖ് ഗുരുദ്വാര. സമൂഹഅടുക്കളയിൽ നിന്നുള്ള ഭക്ഷണമാണ് തടയാൻ നിൽക്കുന്ന പൊലീസുകാർക്ക് വിളമ്പിയത്. 

യൂണിഫോമിലുള്ള പൊലീസുകാർ ലാത്തിയും ഷീൽഡും സമീപത്ത് വച്ച് രണ്ടു വരിയായി റോഡിൽ ഇരുന്ന് വിളമ്പുന്ന ഭക്ഷണം കഴിക്കുകയാണ്. ജലപീരങ്കിയും ലാത്തിച്ചാർജും കണ്ണീർവാതകവും കൊണ്ട് പൊലീസ് കർഷകനീക്കത്തെ ചെറുക്കുമ്പോൾ തന്നെയാണ് അവർക്കും ഗുരുദ്വാര അന്നമൂട്ടുന്നത്.  

വഴിനീളെ തടഞ്ഞ പൊലീസിനെ മുട്ടുകുത്തിച്ച് ഡല്‍ഹിയിലെത്തിയ കര്‍ഷകര്‍ സിംഘു അതിര്‍ത്തിയില്‍ തന്നെ തുടരുകയാണ്. പ്രതിഷേധിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ സ്ഥലത്തേക്കു പോകാന്‍ വിസമ്മതിച്ച കര്‍ഷകര്‍ ശനിയാഴ്ച യോഗം ചേര്‍ന്ന് സിംഘു അതിര്‍ത്തിയില്‍ തന്നെ സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വടക്കന്‍ ഡല്‍ഹിയിലെ ബുറാഡിയില്‍, ഹരിയാന അതിര്‍ത്തിയോടു ചേര്‍ന്നുള്ള നിരങ്കാരി മൈതാനത്തു പ്രതിഷേധിക്കാനാണ് ഇവര്‍ക്ക് അനുവാദം നല്‍കിയിരുന്നത്. ജന്തര്‍ മന്തറിലെത്തി പ്രതിഷേധിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. തിക്രി അതിര്‍ത്തി മേഖലയില്‍ ഒത്തുകൂടിയ കര്‍ഷകരും അവിടെ തന്നെ തുടരുകയാണ്. ഇവര്‍ ബുറാഡിയിലേക്ക് നീങ്ങുമോ എന്ന് ഉടന്‍ തീരുമാനിക്കും. 

ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ അതിര്‍ത്തിയില്‍ തന്നെ സമരം തുടരാന്‍ സിംഘു അതിര്‍ത്തിയിലെത്തിയ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു. ഞങ്ങള്‍ ഇവിടെനിന്നു മാറില്ല. പോരാട്ടം തുടരും. നാട്ടിലേക്കു മടങ്ങാനും ഉദ്ദേശിക്കുന്നില്ല. ആയിരക്കണക്കിനു കര്‍ഷകരാണ് പഞ്ചാബില്‍നിന്നു ഹരിയാനയില്‍നിന്നും പ്രതിഷേധത്തിനായി എത്തിയിരിക്കുന്നതെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഡിസംബര്‍ മൂന്നിനു ചര്‍ച്ച നടത്താമെന്നാണു കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ കര്‍ഷക സംഘടനകളെ അറിയിച്ചിരിക്കുന്നത്. 

ഇന്നലെ ഉച്ചവരെ ഡല്‍ഹി - ഹരിയാന അതിര്‍ത്തിയില്‍ പലയിടങ്ങളിലും പൊലീസ് കര്‍ഷകര്‍ക്കു നേരെ ബലപ്രയോഗം നടത്തിയിരുന്നു.  യുപിയിലും  വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായി. ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിച്ചത് സമര വിജയമാണെന്നാണ് കര്‍ഷക സംഘടനകളുടെ വിലയിരുത്തല്‍.

കര്‍ഷകര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കുടിവെള്ളം ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ബുറാഡിയില്‍ ഒരുക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് തയാറാണെന്ന കേന്ദ്ര കൃഷിമന്ത്രിയുടെ പ്രതികരണത്തില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് മറുപടി നല്‍കിയേക്കും.