‘അദ്ദേഹമില്ലാതെ കോൺഗ്രസ് എന്തുചെയ്യും; അറിയില്ല’; കണ്ണീരോടെ കപിൽ സിബൽ

പ്രതിസന്ധിയിൽ നിൽക്കുന്ന കോൺഗ്രസിന് വലിയ ആഘാതമാണ് അഹമ്മദ് പട്ടേലിന്റെ മരണം. കോൺഗ്രസ് നേതാക്കൾ എല്ലാം തന്നെ ഇക്കാര്യം എടുത്തു പറഞ്ഞാണ് പ്രിയ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. ഇക്കൂട്ടത്തിൽ കപിൽ സിബൽ കണ്ണീരോടെ പറഞ്ഞ വാക്കുകൾ അഹമ്മദ് പട്ടേൽ കോൺഗ്രസിന്റെ ആരായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. 

‘അദ്ദേഹമില്ലാതെ കോണ്‍ഗ്രസ് എന്തുചെയ്യുമെന്ന് എനിക്കറിയില്ല. അത്തരം ആളുകൾ വളരെ അപൂർവമായി മാത്രമേ ജനിക്കുകയുള്ളൂ, അവർ എന്നു ഓർമ്മിക്കപ്പെടും' കപില്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ രക്ഷിക്കുന്ന കവചം കൂടിയായിരുന്നു പട്ടേൽ. ഈആ മിടുക്കും ആത്മാർഥതയും ഇന്ന് മറ്റൊരു നേതാക്കളിലും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഇന്ന് പുലര്‍ച്ചെ 3.30നാണ് രാജ്യസഭ എം.പി കൂടിയായ അഹമ്മദ് പട്ടേല്‍ അന്തരിച്ചത്. ഒക്ടോബർ ഒന്നിനാണ് പട്ടേലിന് കോവിഡ് ബാധിച്ചത്. ഫരീദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചെങ്കിലും ആരോഗ്യനില മോശമായതിനെത്തുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

പ്രസാദാത്മക മുഖമുള്ള ചെറുപ്പക്കാരനായാണ് ആറാം ലോക്‌സഭയ്‌ക്ക് (1977) അഹമ്മദ് പട്ടേലിനെ പരിചയം. 28 വയസായിരുന്നു അന്നു പ്രായം. അടിയന്തരാവസ്‌ഥയ്‌ക്കു പിന്നാലെ വന്ന കോൺഗ്രസ് വിരുദ്ധ വികാരത്തിൽ അടിതെറ്റാതിരുന്ന കന്നിക്കാരൻ ചില്ലറക്കാരനാവില്ലല്ലോ. ഭാവി വാഗ്‌ദാനങ്ങളായ ചെറുപ്പക്കാരെ രാജീവ് ഗാന്ധി കൈപിടിച്ചുയർത്തിയതോടെയാണ് അഹമ്മദ് പട്ടേൽ ദേശീയ നേതൃനിരയിലേക്കുയർന്നത്.

രാഷ്ട്രീയ വലയങ്ങളിൽ അഹമ്മദ് ഭായ് അല്ലെങ്കിൽ എപി എന്നാണ് പട്ടേൽ അറിയപ്പെട്ടിരുന്നത്. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ ശക്തനായ രാഷ്ട്രീയകാര്യ സെക്രട്ടറിയായും 10 വർഷം നീണ്ട യുപിഎ ഭരണത്തിൽ അണിയറയിൽ ഒഴിവാക്കാൻ പറ്റാത്ത തന്ത്രജ്ഞനായും പട്ടേൽ പേരെടുത്തു. പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മന്ത്രിസഭാംഗമല്ലാതിരുന്നിട്ടും ഏതു ക്യാബിനറ്റ് മന്ത്രിയെക്കാളും ശക്തനായി പട്ടേൽ വാണു. ഗുജറാത്തിൽനിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേൽ നേടിയ വിജയം കോൺഗ്രസിനും പ്രതിപക്ഷത്തിനും പുത്തനുണർവായിരുന്നു. ഒറ്റ വോട്ടിനായിരുന്നു സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുടെ ജയം.

ട്രബിൾ ഷൂട്ടർ. ക്രൈസിസ് മാനേജർ. മാധ്യമങ്ങൾ ചാർത്തി കൊടുത്ത വിശേഷണങ്ങൾക്ക് അപ്പുറമാണ് അഹമ്മദ് പട്ടേൽ. ഒരു മന്ത്രിസഭയുടെയും ഭാഗമാകാതെ സംഘടനയ്‍ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതം. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി അണിയറയിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ച സൂപ്പർ പി.എം, യു.പി.എ സർക്കാർ രൂപീകരണത്തില്‍ വഹിച്ച പങ്ക് നിര്‍ണായകം. മൂന്നുതവണ ലോക്സഭയിലേക്കും അഞ്ചുതവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട പട്ടേല്‍ എ.ഐ.സി.സി ട്രഷററാണ്.