ലൗവ് ജിഹാദ്; രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ബിജെപി വാക്ക്: തുറന്നടിച്ച് ഗെലോട്ട്

ലൗവ് ജിഹാദ് എന്ന പദം ഉപയോഗിച്ച് ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ ഇടങ്ങളില്‍ ലൗ ജിഹാദ് തടയാൻ നിയമം നിർമിക്കുമെന്ന് പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് ഗെലോട്ടിന്റെ പ്രതികരണം.

വിവാഹക്കാര്യത്തിൽ ഉഭയ സമ്മതത്തേക്കാൾ‍ സർക്കാരിന്റെ ദയാദാക്ഷിണ്യം കാത്തുനിൽക്കേണ്ട സാഹചര്യം സൃഷിടിക്കുകയാണ്. ഭരണഘടനയുടെ അന്തസത്തയെയും പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യത്തെയും ഇത് ഹനിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യത്തിലെ നിയമനിർമാണങ്ങൾ ഭരണഘടനാവിരുദ്ധവും കോടതികളിൽ നിലനിൽക്കില്ലാത്തതുമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എന്നാൽ, ഇത്തരം പ്രയോഗങ്ങൾ സൃഷ്ടിക്കുകയും ലഹളയുണ്ടാക്കുന്നതും വെറുപ്പുണ്ടാക്കുകയും ചെയ്യുന്നത് കോൺഗ്രസിന്റെ പാരമ്പര്യമാണെന്ന് കേന്ദ്രമന്ത്രി   കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് തിരിച്ചടിച്ചു. ആയിരക്കണക്കിനു യുവതികളാണ് ഈ കുരുക്കിൽ കുരുങ്ങിയിരിക്കുന്നതെന്നും, സ്ത്രീകൾക്ക് ഒരുവിധത്തിലും നീതി നിഷേധിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.