ബിഹാറില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്; ഭേദപ്പെട്ട പോളിംഗ്; തീപാറുന്ന പോരാട്ടം

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. എന്‍ഡിഎയും മഹാസഖ്യവും തമ്മില്‍ തീപാറുന്ന പോരാട്ടം നടക്കുന്ന മഗധയുടെ മണ്ണില്‍ ഏറ്റവും നിര്‍ണായകമായ ഘട്ടമാണിത്. പാര്‍ലമെന്‍റിലെ ഇരുസഭകളിലും ചേര്‍ത്ത് നൂറ് എംപിമാര്‍ തികച്ചില്ലാത്ത അവസ്ഥയിലേയ്ക്ക് കോണ്‍ഗ്രസ് തകര്‍ന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഞ്ഞടിച്ചു. മധ്യപ്രദേശ് ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 54 സീറ്റുകളിലും വോട്ടെടുപ്പ് നടക്കുകയാണ്.

ബിഹാറിന്‍റെ മധ്യ, വടക്കന്‍ മേഖലകളിലെ 94 സീറ്റുകളാണ് വിധിയെഴുതുന്നത്. 2.85 കോടി വോട്ടര്‍മാര്‍. 1,463 സ്ഥാനാര്‍ഥികള്‍. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവിന്‍റെ രാഘോപുര്‍, സഹോദരന്‍ തേജ്പ്രതാപ് യാദവിന്‍റെ ഹസന്‍പുര്‍, ശത്രുഘ്നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹയുടെ ബങ്കിപ്പുര തുടങ്ങിയ വിെഎപി മണ്ഡലങ്ങള്‍. ലാലു പ്രസാദ് യാദവിന്‍റെ തട്ടകമായ ഗോപാല്‍ഗഞ്ചും നിതീഷ് കുമാറിന്‍റെ മണ്ണായ നളന്ദയും പോളിങ് ബൂത്തിലെത്തുന്നു. ബിജെപി ശക്തികേന്ദ്രങ്ങളായ പട്നയും ഭാഗല്‍പുരും. ഗവര്‍ണര്‍ ഫഗു ചൗഹാന്‍, മുഖ്യമന്തി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍ മോദി തുടങ്ങിയ പ്രമുഖര്‍ രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ച ചരിത്രമാണ് കോണ്‍ഗ്രസിന്‍റേതെന്ന് അരാരിയില്‍ നടന്ന റാലിയില്‍ മോദി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയെയും തേജസ്വിയെയും ഡബിള്‍ യുവരാജ് എന്നാണ് മോദി പരിഹസിച്ചത്. 

മധ്യപ്രദേശില്‍ ശിവ്‍രാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്‍റെയും ജ്യോതിരാദിത്യ സിന്ധ്യയുടെ രാഷ്ട്രീയത്തിന്‍റെയും ഭാവി നിര്‍ണയിക്കുന്നതാണ് 28 സീറ്റുകളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ്. ഗുജറാത്ത്, യുപി, ഒഡീഷ, നാഗാലന്‍ഡ്, കര്‍ണാടക, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടിങ് നടക്കുന്നു.