‘ബിജെപി സ്ഥാനാർഥിയെ ജയിപ്പിക്കൂ; അദ്ദേഹം രാമക്ഷേത്രത്തിൽ കൊണ്ടുപോകും’; യോഗി

രാമക്ഷേത്രവും ദേശീയ വികാരവും ഉയർത്തികാട്ടി ബിഹാറിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടു പിടിക്കുന്നു. യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥാണ് ഇപ്പോൾ താരപ്രചാരകൻ. 18 റാലികളിൽ അദ്ദേഹം പ്രചാരണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. മോദി കഴിഞ്ഞാൽ ബിജെപി സ്ഥാനാർഥികൾക്കും പ്രിയം യോഗിയോടാണെന്ന് വാർത്തകളുണ്ടായിരുന്നു. പ്രധാനമായും രാമക്ഷേത്ര നിർമാണം ആരംഭിച്ചത് വോട്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

പട്നയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉദ്ഘാടനം കുറിച്ച് യോഗി നടത്തിയ പ്രസംഗത്തിലും രാമക്ഷേത്രം നിറഞ്ഞു. ബിജെപി സ്ഥാനാർഥിയെ നിങ്ങൾ വിജയിപ്പിച്ചാൽ അദ്ദേഹം നിങ്ങളെ അയോധ്യയിലെ രാമക്ഷേത്രത്തിൽ കൊണ്ടുപോകും. തേത്രായുഗത്തിൽ ഈ ക്ഷേത്രമാണ് ധ്യാനത്തിനായി ശ്രീരാമൻ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സർക്കാരിന്റെ നേട്ടങ്ങളും ഭീകരതയ്ക്കെതിരെയുളള പോരാട്ടവും എൻഡിഎ സഖ്യത്തിൽ നിതീഷ് കുമാറിന്റെ പ്രവർത്തനങ്ങളെയും ഉയർത്തി കാട്ടിയാണ് യോഗി കളം നിറയുന്നത്.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ‍ഡിഎ ഭരണം നിലനിർത്തുമെന്ന് ഇന്ത്യ ടുഡെ ടിവി ചാനലിന്റെ അഭിപ്രായ സർവേ. നിയമസഭയിലെ 243 സീറ്റുകളിൽ എൻഡിഎ 133–143, മഹാസഖ്യം 88–98, എൽജെപി 2–6, മറ്റുള്ളവർ 6–10 സീറ്റുകൾ വീതം നേടുമെന്നാണു സർവേ പ്രവചിക്കുന്നത്.  

എൻഡിഎയ്ക്ക് 38%, മഹാസഖ്യം 32%, ഉപേന്ദ്ര കുശ്‍വാഹയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി 7%, എൽജെപി 6% എന്നിങ്ങനെയാണു വോട്ടുവിഹിതം. നിതീഷ് കുമാറിന്റെ ജനപ്രീതിയിൽ ഇടിവുണ്ടായെങ്കിലും അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്നിലുള്ളത്. നിതീഷ് കുമാറിന് 31%, ആർജെഡി നേതാവ് തേജസ്വി യാദവിനു 27% എന്നിങ്ങനെയാണു സർവേയിൽ പിന്തുണ ലഭിച്ചത്. ജയിലില്‍ കിടക്കുന്ന ലാലുപ്രസാദ് യാദവ് മുഖ്യമന്ത്രിയാകണമെന്ന് മൂന്നുശതമാനം പേര്‍ അഭിപ്രായപ്പെട്ടു.