മോദിയുടെ ആസ്തിയില്‍ 26.26 ശതമാനത്തിന്‍റെ വര്‍ധന; 1.60 കോടിയുടെ സ്ഥിരനിക്ഷേപം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയില്‍ 26.26 ശതമാനത്തിന്‍റെ വര്‍ധന. 15 മാസത്തിനിടെ 36.53 ലക്ഷം രൂപ കൂടി. പ്രധാനമന്ത്രിക്ക് കടബാധ്യതകളില്ല. സ്വന്തമായി കാറുമില്ല.

2020 ജൂണ്‍ 30വരെയുള്ള ആസ്തി വിവര കണക്കാണ് ഒക്ടോബര്‍ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമര്‍പ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദ്യം 1,39,10,260 രൂപയുടേതായിരുന്നു. ഇപ്പോള്‍ 1,75,63,618 രൂപയുടേതായി. പ്രധാനമന്ത്രിക്ക് രണ്ട് ലക്ഷം രൂപയാണ് ശമ്പളം. കോവിഡ് പ്രതിരോധ നടപടികള്‍ക്ക് പണം കണ്ടെത്താന്‍ ഏപ്രില്‍ മുതല്‍ ശമ്പളത്തിന്‍റെ 30 ശതമാനം വെട്ടിക്കുറിച്ചു. ശമ്പളത്തിന്‍റെ ഭൂരിഭാഗവും സേവിങ്സ് അക്കൗണ്ടുകളിലും സ്ഥിര നിക്ഷേപവുമായാണ് ഇട്ടിട്ടുള്ളത്. സേവിങ് അക്കൗണ്ടില്‍ 3.38 ലക്ഷം രൂപയുണ്ട്. എസ്ബിെഎ ഗാന്ധി നഗര്‍ ബ്രാഞ്ചിലെ സ്ഥിരനിക്ഷേപം 1.27 കോടി രൂപയില്‍ നിന്ന് 1.60 കോടി രൂപയായി. വസ്തുവകയില്‍ മാറ്റമില്ല. 1.1 കോടി വില മതിക്കുന്ന വീടും സ്ഥലവും ഗാന്ധിനഗറിലുണ്ട്. കുടുംബാംഗങ്ങള്‍ക്കും ഇതില്‍ അവകാശമുണ്ട്.

നികുതി കിഴിവിന് ലൈഫ് ഇന്‍ഷുറന്‍സ്, നാഷ്ണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ബോണ്ട് എന്നിവയില്‍ നിക്ഷേപിച്ചിട്ടുണ്ട്. കൈവശമുള്ളത് 31,450 രൂപ. സ്വന്തമായി കാറില്ല. നാല് സ്വര്‍ണമോതിരവും മോദിക്കുണ്ട്.