ചൈനയെ നേരിടാൻ യുഎസിൽ നിന്ന് റൈഫിളുകൾ; കരുത്ത് കൂട്ടി ഇന്ത്യ

കിഴക്കൻ ലഡാക്കിൽ ചൈനയുണ്ടാക്കുന്ന തലവേദനയെ ചെറുക്കുന്നതിനായി എല്ലാതരത്തിലും സജ്ജമാവുകയാണ് ഇന്ത്യൻ സൈന്യം. കിഴക്കൻ ലഡാക്കിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന സൈനികർക്കായി 72,500 സിഗ്–16 അസോൾട്ട് റൈഫിളുകളുടെ പുതിയ ബാച്ച് യുഎസിൽ നിന്നെത്തും. ആദ്യബാച്ച് ജമ്മുകശ്മീരിലെ സൈനികർക്ക് അനുവദിച്ചിരുന്നു. 

നിയന്ത്രണ രേഖ, യഥാർഥ നിയന്ത്രണ രേഖ തുടങ്ങിയ മേഖലകളിലും ഭീകരവിരുദ്ധ ഓപ്പറേഷനുകളിലും ട്രൂപ്പുകൾക്ക് ഉപയോഗിക്കാനായി 1.5 ലക്ഷം ഇറക്കുമതി ചെയ്ത റൈഫിളുകൾ ഉപയോഗിക്കാനാണു കേന്ദ്രത്തിന്റെ പദ്ധതി. സിഗ്–16 വരുന്നതോടെ നിലവിൽ സൈനികർ ഉപയോഗിക്കുന്ന റൈഫിളുകൾ പൂർണമായും മാറ്റും. ഇതിനും പുറമേ 16,000 ലൈറ്റ് മെഷീൻ ഗണ്ണുകൾ ഇസ്രയേലിൽ നിന്ന് വാങ്ങാനും കരാറായിട്ടുണ്ട്.