ചാറ്റിലെ ‘ഡൂബ്’ എന്നത് ലഹരിയെ സൂചിപ്പിക്കുന്നതല്ല സിഗരറ്റിനെ കുറിച്ച്; നടിമാർ

ലഹരി ചാറ്റ് നടത്തിയതുമായി ബന്ധപ്പെട്ട നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) യുടെ ചോദ്യം ചെയ്യലിൽ ആരോപണങ്ങൾ പാടെ നിഷേധിച്ച് ബോളിവുഡ് നടിമാർ. ചോദ്യം ചെയ്യലിൽ ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവർ ഒരിക്കൽ പോലും ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതായി എൻസിബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട വാട്സാപ് ചാറ്റുകളും വാട്സാപ് നമ്പരും തന്റെ തന്നെയാണെന്നു ദീപിക സ്ഥിരീകരിച്ചുവെങ്കിലും ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു.

വാട്സാപ് ചാറ്റുകൾ ഉപയോഗിച്ചിരിക്കുന്ന ‘doob’ എന്ന പദം ലഹരി പദാർഥങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിച്ചതല്ല. സിഗരറ്റുകളെ കുറിച്ചാണ് പരാമർശം. ഞങ്ങളിൽ പലരും സിഗരറ്റ് പോലും വലിക്കുന്നവരല്ല. നടൻ സുശാന്ത് സിങ് രാജ്പുത്ത് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്നും നടിമാർ വ്യക്തമാക്കി.

ലഹരി മരുന്നുകൾ നിറച്ച സിഗരറ്റിനെ കുറിക്കുന്ന ‘doob’ എന്ന പദം ചാറ്റിൽ ഉപയോഗിച്ചതാണ് സംശയത്തിന് ഇടയാക്കിയതെന്ന നടിമാരുടെ വാദം എൻസിബി മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ദീപിക അടക്കമുള്ളവരുടെ മൊഴികളിൽ ഇനിയും വ്യക്തത വരുത്തേണ്ടതിനാൽ ഇനിയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.

ലഹരി ചാറ്റ് നടത്തിയതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾക്കായി ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരുടെ ഫോണുകൾ പിടിച്ചെടുത്തു. നടിമാരുടെ മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കും. ലഹരി മരുന്ന് ആവശ്യപ്പെട്ട് നടി ദീപിക പദുകോൺ 2017ൽ ചാറ്റ് ചെയ്ത വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിൻ അവർതന്നെയായിരുന്നെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ വ്യക്തമാക്കിയിരുന്നു.