17000 അടി ഉയരെ വെള്ളം തിരഞ്ഞ് സൈന്യം; പതിനായിരം വർഷം പഴയ തടാകം വീണ്ടെടുക്കും

കിഴക്കൻ ലഡാക്കിലെ മലമുകളിൽ വെള്ളത്തിനായി ഇന്ത്യൻ സൈന്യത്തിന്റെ തിരച്ചിൽ. 10000 വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന തടാകം വീണ്ടെടുക്കാനാണ് സൈന്യത്തിന്റെ ശ്രമം. ദൗലത് ബേഗ് ഓൾഡിയിലാണ് വെള്ള പര്യവേഷണം യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നത്. ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ അയവില്ലാതെ വന്നതോടെയാണ് സേനാ വിന്യാസം ശക്തമാക്കിയതിനൊപ്പം ഭാവിയിലേക്ക് വെള്ളം കരുതാനും നടപടികൾ തുടങ്ങിയതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 

2020 മേയ് ആദ്യം മുതൽ ഇന്ത്യയു‌ടെയും ചൈനയു‌ടെയും സൈനികർ മുഖാമുഖം തുടരുന്ന യഥാർഥ നിയന്ത്രണ രേഖയിൽ, രാജ്യത്തിന്റെ വിദൂരവും ഏറ്റവും തന്ത്രപ്രധാനവുമായ ഔട്ട്‌പോസ്റ്റാണു ഡി‌ബി‌ഒ. സൈന്യത്തിന് ഇവിടെ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമായ സാഹചര്യമാണിപ്പോൾ. സിയാച്ചിൻ ഗ്ലേസിയർ, ബറ്റാലിക് എന്നിവിടങ്ങളിൽ സൈന്യത്തോടൊപ്പം പ്രവർത്തിച്ചിട്ടുള്ള പ്രശസ്ത ജിയോളജിസ്റ്റ് ഡോ. റിതേഷ് ആര്യയാണു മാർഗനിർദേശങ്ങളുമായി കൂടെയുള്ളത്.

കാരു മുതൽ ടാംഗിൾ വരെ 28 ദിവസം പ്രാഥമിക പര്യവേക്ഷണം നട‌ത്തിയെന്നും പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും ഡോ. റിതേഷ് ആര്യ പറയുന്നു.  മുൻകാലങ്ങളിൽ, കിഴക്കൻ ലഡാക്കിലെ ഉയർന്ന പർവതങ്ങളിൽ സൈന്യത്തിനായി ഭൂഗർഭ ജലസ്രോതസ്സുകൾ ഡോ. റിതേഷ് വിജയകരമായി കണ്ടെത്തിയിട്ടുണ്ട്.

ഗൽ‌വാൻ കൂടാതെ പാംഗോങ് സോ, ലുകുങ്‌, താക്കുങ്‌, ചുഷുൽ‌, റെസാങ്‌ ലാ, ടാങ്‌സെ എന്നിവിടങ്ങളിൽ‌ വെള്ളം ഉറപ്പാക്കുന്നതിൽ ഇവരുടെ സംഘം വിജയിച്ചിട്ടുണ്ട്. ഡിബിഒയിലും വെള്ളം കണ്ടെത്തുമെന്നാണു പ്രതീക്ഷ. 10,000 വർഷങ്ങൾക്ക് മുമ്പ് ഡി‌ബി‌ഒയിൽ നിലനിന്നിരുന്ന ഒരു തടാകം പുനർനിർമിക്കാനും പദ്ധതിയുണ്ട്. ഇതു സൈന്യത്തിനു സഹായമാകുന്നതോടൊപ്പം സഞ്ചാരികളെ ആകർഷിക്കാനും ഉപകാരപ്പെടുമെന്നാണു കണക്കുകൂട്ടൽ.