അതിര്‍ത്തി സംഘർഷം; സേനാ പിന്മാറ്റം ഉടന്‍ വേണം; ചർച്ചയിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ

അതിര്‍ത്തിയിലെ സാഹചര്യം കൂടുതല്‍ വഷളാക്കരുതെന്നും സേനാ പിന്മാറ്റം ഉടന്‍ നടപ്പാക്കണമെന്നും പ്രതിരോധമന്ത്രിതല ചര്‍ച്ചയില്‍ ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഗുരുതരമായി ബാധിച്ചുവെന്ന് ചൈനീസ് പ്രതിരോധമന്ത്രി പറഞ്ഞു. അതിനിടെ, അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ നിന്ന് അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുണ്ട്.

ഷാങ്ഹായ് സഹകരണ സംഘത്തിന്‍റെ സമ്മേളനത്തിനിടെ മോസ്കോയില്‍വച്ചാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെന്‍ഗെയുമായി ചര്‍ച്ച നടത്തിയത്. കൂടിക്കാഴ്ച്ച രണ്ടു മണിക്കൂര്‍ 20 മിനിറ്റ് നീണ്ടു. ചൈനീസ് സൈന്യത്തിന്‍റെ സമീപനം പ്രകോപനപരമായിരുന്നുവെന്നും എല്‍എസിയില്‍ മാറ്റം വരുത്താന്‍ ചൈന ശ്രമിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും രാജ്നാഥ് സിങ് കൂടിക്കാഴ്ച്ചയില്‍ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണ്. സ്ഥതി വഷളാക്കുന്ന നടപടികള്‍ ചൈനയുടെ ഭാഗത്തു നിന്നും ഇനി പാടില്ല. സൈനിക, നയതന്ത്രതലത്തിലെ ചര്‍ച്ചകള്‍ തുടരണമെന്നും രാജ്നാഥ് സിങ് പറഞ്ഞു. അതിര്‍ത്തി സംഘര്‍ഷത്തിന് ഉത്തരവാദി ഇന്ത്യയാണെന്ന് ചൈനീസ് പ്രതിരോധമന്ത്രി കുറ്റപ്പെടുത്തി. അതിര്‍ത്തിയിലെ സാഹചര്യങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണം നടക്കുന്നതായും ചൈന നിലപാടെടുത്തു. സംഘര്‍ഷാവസ്ഥ ഇനിയും നീണ്ടുപോകുമെന്ന സൂചനയാണ് ഇരുരാജ്യങ്ങളുടെയും പ്രതികരണത്തിലൂടെ ലഭിക്കുന്നത്. അതിനിടെ, അരുണാചല്‍പ്രദേശിലെ അപ്പര്‍ സുബാസിരി ജില്ലയിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട അഞ്ചുപേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസ് എംഎല്‍എ നിനോങ് എറിങാണ് വെളിപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ ബന്ധുക്കളുടെ ഫെയ്‍സ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ട് സഹിതമാണ് ട്വീറ്റ്. സമാനമായ സംഭവം മാസങ്ങള്‍ക്ക് മുന്‍പുണ്ടായതായും നിനോങ് പറയുന്നു.