കാലം മാറി; ഇനി രാജസ്ഥാനിൽ കോവിഡ് കറിയും മാസ്ക് നാനും

കാലത്തിനനുസരിച്ച് കോലം മാത്രമല്ല ഭക്ഷണരീതിയും മാറണം എന്നാണ് കോവിഡ് കാലം നമ്മളെ പഠിപ്പിക്കുന്നത്. ഇന്ന് മറ്റെന്തിനേക്കാളും കാണപ്പെടുന്നത് കോവിഡ് വൈറസ് ആണ് എന്നതുപോലെ മറ്റെന്തിനേക്കാളും ആവശ്യം ഫെയ്സ് മാസ്ക് ആണ് . അതുകൊണ്ട് തന്നെ രാജസ്ഥാനിലെ ജോധ്പൂരിലെ ഒരു ഹോട്ടൽ ഒരു മുഴം മുന്നേ എറിഞ്ഞിരിക്കുകയാണ്. കോവിഡ് കറിയും മാസ്ക് നാനും ഉണ്ടാക്കി കസ്റ്റമേഴ്സിനെ കാത്തിരിക്കുകയാണ് ജീവനക്കാർ. പൊതുവെ ഹോട്ടൽമേഖല പ്രതിസന്ധിയിലായ സാഹചര്യത്തിൽ ആവശ്യക്കാരന്റെ ആവശ്യമറിഞ്ഞ് കാര്യങ്ങൾ കൈകാര്യം ചെയ്യുക തന്നെ.

വറുത്ത് വേവിച്ച പച്ചക്കറികളെല്ലാം കിരീടത്തിന്റെ ആകൃതിയിലാക്കി കോവിഡ് കറി എന്ന് പേരു നൽകി.ഒപ്പം ബ്രഡിന് മാസ്കിന്റെ ആകൃതിയും നൽകി. ആളുകളെ ആകർഷിക്കാൻ ഇത്തരം പുതുമകളൊക്കെ പരീക്ഷിക്കുന്നുണ്ടെങ്കിലും ആളുകൾക്ക് ഭക്ഷണത്തിനോടും വിരക്തി വന്നെന്നാണ് ഹോട്ടലുടമയുടെ അഭിപ്രായം.

ഹോട്ടൽ മേഖലയെല്ലാം കടുത്ത പ്രതിസന്ധി നേരിടുന്ന കാലമാണീ കോവിഡ് കാലം. ചിലയിടങ്ങളിൽ പാർസൽ മാത്രം നൽകാനായി ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ അടച്ചുപൂട്ടൽ ഭീഷണിയിലാണ് .