അയോധ്യ ഭൂമിപൂജ; പൂജാരിക്കും 14 പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചു

രാമക്ഷേത്ര നിർമാണം ഓഗസ്റ്റ് 5 ന് തുടങ്ങാനിരിക്കെ ചടങ്ങിൽ പങ്കെടുക്കേണ്ട പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനൊപ്പം 14 പൊലീസ് ഉദ്യോഗസ്ഥരും കോവിഡ് പോസിറ്റീവായി. മുഖ്യപൂജാരിയുടെ സഹായിയായ പ്രദീപ് ദാസിനാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം മുഖ്യപൂജാരി സത്യേന്ദ്ര ദാസ് ഉൾപ്പെടെ നാല് പൂജാരിമാരുടെ കോവിഡ് ഫലം നെഗറ്റീവാണ്. 

രാംജന്മഭൂമി കോംപ്ലക്സിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 14 പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരുക്കങ്ങൾ വിലയിരുത്താൻ സ്ഥലം സന്ദർശിച്ചിരുന്നു. ഇപ്പോൾ കോവിഡ് ബാധിതനായ പൂജാരി അന്ന് യോഗിയുടെ സമീപത്തുണ്ടായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഓഗസ്റ്റ് 5 ന് അയോധ്യയിൽ നടക്കുന്ന ചടങ്ങുകളിൽ 200 പേർ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

അന്ന് ഉച്ചയ്ക്ക് 12.15 നുള്ള മുഹൂർത്തിലാണു ഭൂമിപൂജയും ശിലാസ്ഥാപനവും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. ഭൂമിപൂജ നേരത്തേ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയും ഇന്ത്യ–ചൈന സംഘർഷവും മൂലം ചടങ്ങ് നീട്ടിവയ്ക്കുകയായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 4,5 തീയതികളിൽ അയോധ്യയിലെ മുഴുവൻ ക്ഷേത്രങ്ങളിലും വീടുകളിലും രാത്രി ദീപോത്സവം ഒരുക്കും.