കുടുംബം പട്ടിണിയില്‍; പണത്തിനായി നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റു

ലോക്ഡൗൺ കാലം സാധാരണക്കാരന് ദുരിതകാലം തന്നെയാണ്. ഒരു നേരത്തെ അന്നത്തിനായി ബുദ്ധിമുട്ടുന്നവരുണ്ട്. തൊഴിലില്ലായ്മ ഏറെ ബാധിച്ചത് ദിവസ വേതനക്കാരായ സാധാരണക്കാരെയാണ്. തൊഴിലില്ലായ്മ തീർത്ത ദുരിതത്തെ തുടര്‍ന്ന് പുറത്തു വരുന്നത് വേദനിപ്പിക്കുന്ന വാർത്തയാണ്. കുടുംബത്തിനു ഭക്ഷണം നൽകാനുള്ള പണത്തിനായി നാലുമാസം പ്രായമുള്ള പെൺകുഞ്ഞിനെ പിതാവ് വിറ്റു. അസമിലെ കൊക്കറൈജ്ജർ ജില്ലയിലാണ് സമൂഹത്തെ ഞെട്ടിച്ച സംഭവം നടന്നത്. 

ദീപക് ബ്രഹ്മ എന്ന ഇയാൾ ഗുജറാത്തിൽ ദിവസ വേതനക്കാരാണ്. കോവിഡ്–19 മഹാമാരിയെ തുടർന്ന് തൊഴിൽ നഷ്ടമായി വീട്ടിൽ തിരിച്ചെത്തിയതാണ്. ഭാര്യ രേഖയ്ക്കൊപ്പം കുണ്ഡോല ഗ്രാമത്തിലാണ് താമസം. രണ്ട് പെണ്‍കുട്ടികളാണ് രേഖ–ദീപക് ദമ്പതികൾക്കുള്ളത്. മൂത്തകുട്ടിക്ക് ഒരു വയസ്സാണ് പ്രായം. ഇളയമകൾക്ക് നാലുമാസവും. ദാരിദ്ര്യം കാരണം ഭർത്താവ് നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊക്കറൈജാർ നഗരത്തിൽ കൊണ്ടുപോയി വിറ്റു എന്നാണ് കുഞ്ഞുങ്ങളുടെ അമ്മ രേഖ മൊഴി നൽകിയത്. കുഞ്ഞിനെ വിൽക്കാനുള്ള ഭർത്താവിന്റെ നീക്കത്തെ കുറിച്ച് അറിവില്ലായിരുന്നു എന്നും അവർ പറഞ്ഞു. 

ഒരു ദിവസം പ്രണീത നർസാരി എന്ന ഇടനിലക്കാരി വീട്ടിൽ വന്ന് കുഞ്ഞിനെ നഗരത്തിലുള്ള ഒരു കുടുംബം ദത്തെടുത്തെന്ന് പറഞ്ഞ് തട്ടിക്കൊണ്ടു പോകുകയായിരുന്നു. എന്നാൽ, പിന്നീട് കുട്ടിയെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് ഗ്രാമവാസികളുമായി ചേർന്ന് രേഖ പൊലീസിൽ പരാതിപ്പെട്ടത്. സംഭവത്തില്‍ എഫ്ഐആർ ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി രാകേഷ് റോഷൻ പറഞ്ഞു. 

കുട്ടിയുടെ പിതാവ് ദീപക് ബ്രഹ്മയാണ് കേസിലെ ഒന്നാം പ്രതി. 

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ വാങ്ങിയ പ്രണിത നർസാരിയെയം അറസ്റ്റ് ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടു പോകാനായി സഹായിച്ച മറ്റൊരാള്‍  കൂടി പിടിയിലായി. മൂന്നുപേരും ഇപ്പോൾ ജയിലിലാണ്.