രാമക്ഷേത്ര നിർമാണം തുടങ്ങിയാൽ കോവിഡ് തീരും; ബിജെപി നേതാവിന്റെ വാദം

അയോധ്യയിലെ രാമക്ഷേത്ര നിർമാണം ആരംഭിക്കുന്നതോടെ രാജ്യത്ത് കോവിഡിന് അവാസാനമാകുമെന്ന് ബിജെപി നേതാവ്. മധ്യപ്രദേശ് നിയമസഭാ പ്രോട്ടെം സ്പീക്കറുമായ രാമേശ്വർ ശർമയുടെതാണ് ഈ അഭിപ്രായം. മനുഷ്യകുലത്തിന്റെ ക്ഷേമത്തിനായി രാക്ഷസരെ കൊന്നൊടുക്കുന്നതിനാണ് ശ്രീരാമ ഭഗവാൻ അവതരിച്ചത്. രാമക്ഷേത്ര നിർമാണം തുടങ്ങുന്നതോടെ കോവിഡ് മഹാമാരിയുടെ അവസാനമാകും. കോവിഡിനെതിരെ സാമൂഹിക അകലം പാലിക്കുക മാത്രമല്ല ഭഗവാൻമാരെ കൂടി ഓർക്കണമെന്നും അദ്ദേഹം പറയുന്നു.

അതേസമയം അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒാഗസ്റ്റ് അഞ്ചിന് തറക്കല്ലിടുമെന്ന് ഒൗദ്യോഗികമായി സ്ഥിരീകരിച്ച് ശ്രീ രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്. എല്ലാ മുഖ്യമന്ത്രിമാരെയും ചടങ്ങിലേയ്ക്ക് ക്ഷണിക്കുെമന്നും ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി അറിയിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും ചടങ്ങ്. 150 പ്രത്യേക ക്ഷണിതാക്കളുള്‍പ്പെടെ 200 പേര്‍ക്കെ പ്രവേശനമുണ്ടാകൂ. രാമജന്മഭൂമി പ്രസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ മുതിര്‍ന്ന നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. മൂന്നര വര്‍ഷത്തിനകം ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം.