മന്ത്രി പുത്രനെ വിറപ്പിച്ച ലേഡി സിങ്കം രാജിവയ്ക്കുന്നു..?; ചൂടുപിടിച്ച് ചർച്ച

രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ലോക്ഡൗൺ ലംഘനങ്ങളും പതിവു കഥയാണ്. എന്നാൽ അത്തരം നിയലംഘനങ്ങളോടൊന്നും കണ്ണടയ്ക്കാത്ത ധീരയായ പൊലീസ് ഉദ്യോഗസ്ഥ അടുത്തിടെ മാധ്യമശ്രദ്ധനേടിയിരുന്നു. സുറത്തിലെ കോൺസ്റ്റബിൾ സുനിത യാദവ് ആണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. 

എന്നാൽ, എത്ര തന്നെ ധീരവും സത്യസന്ധമായ നിലപാടെടുത്താലും ഉദ്യോഗസ്ഥരുടെ ഗതി ഇങ്ങനെ ആണെന്നാണ് പുറത്തുവരുന്ന വാർത്തകളിലൂടെ വ്യക്തമാകുന്നത്. സോഷ്യൽ മീഡിയ വാഴ്ത്തിയ ഉദ്യോഗസ്ഥയുടെ പൊടുന്നനെയുള്ള രാജി പ്രഖ്യാപനത്തിന്റെ  ഞെട്ടലിലാണ് ഏവരും. 

നിയമലംഘനം കാണിച്ച മന്ത്രി പുത്രനോട് പോലും തീരെ ദയകാണിക്കാത്ത സുനിതയെ സമൂഹമാധ്യമങ്ങൾ വാഴ്ത്തിയിരുന്നു. ഈ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കർഫ്യൂ ലംഘിച്ച് സൂറത്തിലൂടെ യാത്ര ചെയ്ത ഗുജറാത്തിലെ മന്ത്രിയുടെ മകനെയും സംഘത്തെയും സുനിത അറസ്റ്റ് ചെയ്യുകയും എഫ്ഐആർ എഴുതുകയും ചെയ്തിരുന്നു. പിന്നീടവർ ജാമ്യത്തിലിറങ്ങിയിരുന്നു.

മേലുദ്യോഗസ്ഥരിൽ നിന്ന് വേണ്ടത്ര പിന്തുണ കേസിൽ ലഭിച്ചില്ലെന്ന് സുനിത മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ രാജിക്കത്ത് ലഭിച്ചില്ലെന്നും, കേസിന്റെ അന്വേഷണം നടക്കുന്നതുകൊണ്ട് തന്നെ സുനിതയുടെ രാജി സ്വീകരിക്കില്ലെന്ന് ഉയർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. പക്ഷേ, ധീരമായി നടപടി എടുത്തതിന്റെ പേരിൽ ഏറെ പ്രശംസ കേട്ട സുനിതയെക്കുറിച്ചുള്ള  ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.