വെട്ടുകിളി ഭീതിയിൽ വിറങ്ങലിച്ച് ഉത്തരേന്ത്യൻ കർഷകർ; കൃഷിനാശമെന്ന് ആശങ്ക

വെട്ടുകിളി ഭീതിയിൽ വിറങ്ങലിച്ച് ഉത്തരേന്ത്യൻ കർഷകർ. രാജസ്ഥാനിലും മധ്യപ്രദേശിലും ഇതിനോടകം വൻനാശം വിതച്ച വെട്ടുകിളികൾ ഉത്തർപ്രദേശിലേക്കും പ്രവേശിച്ചു. ഇറാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വെട്ടുകിളി കൂട്ടം ആയിരക്കണക്കിന് ഹെക്ടർ ഭൂമിയിൽ കൃഷിനാശം വിതയ്‌ക്കുമെന്നാണ് വിലയിരുത്തൽ. 

കർഷകരുടെ ഹൃദയത്തിൽ തീകോരിയിട്ടു വെട്ടുകിളി കൂട്ടം ഇത്തവണ പതിവിലും നേർത്തെയാണ് എത്തിയത്. രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനോടകം വൻ വിളനാശം വിതച്ച ശേഷം വെട്ടുകിളി കൂട്ടം ഉത്തർപ്രദേശിലേക്ക് പ്രവേശിച്ചു. രാജസ്ഥാനില്‍ 16 ജില്ലകളിലാണ് വെട്ടുകിളികള്‍ നാശംവിതച്ചത്. മധ്യപ്രദേശില്‍ കഴിഞ്ഞ 27 വര്‍ഷത്തിനിടെയുള്ള ഏറ്റവും കനത്ത നാശമാണ് ഇത്തവണയുണ്ടായിരിക്കുന്നത്. ഗുജറാത്തിലും പഞ്ചാബിലും കര്‍ഷകര്‍ ഭീതിയിലാണ്. ഡ്രോണുകള്‍, പ്രത്യേക ഫയര്‍ ടെന്‍ഡറുകള്‍, സ്പേയറുകള്‍ എന്നിവ ഉപയോഗിച്ച് വെട്ടുകിളികളെ നേരിടാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും നടപടി തുടങ്ങിയിട്ടുണ്ട്. മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് കർഷകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാത്രി ഏഴു മണി മുതല്‍ ഒന്‍പത് മണി വരെ വെട്ടുകിളികള്‍ വിശ്രമിക്കുമെന്നും ഈ സമയത്ത് കീടനാശിനി പ്രയോഗിക്കണമെന്നും സംസ്ഥാനങ്ങള്‍ നിര്‍ദേശിക്കുന്നു. ചെണ്ട കൊട്ടി ശബ്ദമുണ്ടാക്കി വെട്ടുകിളികളെ തുരത്തണമെന്നും നിര്‍ദേശമുണ്ട്. പരത്തി വിളകള്‍ക്കും, പഴം, പച്ചക്കറി കൃഷിക്കുമാണ് കനത്ത നാശമുണ്ടായിരിക്കുന്നത്. വെട്ടുകിളികള്‍ക്ക് പ്രതിദിനം 150 കിലോമീറ്റർ വരെ പറക്കാൻ കഴിയും. ഒരു ചതുരശ്ര കിലോമീറ്റര്‍ കൂട്ടത്തില്‍ നാലു കോടി വെട്ടുകിളികളുണ്ടാകുമെന്നാണ് കണക്കു. ഇവയ്‍ക്ക് ഒറ്റദിവസം കൊണ്ട് 35000 പേരുടെ ഭക്ഷണം നശിപ്പിക്കാൻ കഴിയുമെന്നാണ് ഫുഡ് ആൻഡ് ആഗ്രകൾച്ചറൽ ഓർഗസൈസേഷന്റെ റിപ്പോർട്ടിൽ പറയുന്നത്.