ഭോപ്പാലിൽ കുടുങ്ങിയ വിദ്യാർത്ഥികൾ നാട്ടിലേക്ക്; മനോരമന്യൂസ് വാർത്തയിൽ കോൺഗ്രസിന്റെ ഇടപെടൽ

കോവിഡ് ലോക്ഡൗണിനെത്തുടർന്നു രണ്ടുമാസത്തോളം മധ്യപ്രദേശിലെ ഭോപ്പാലിൽ കുടുങ്ങിയ മെഡിക്കൽ വിദ്യാർഥികൾ നാട്ടിലേക്കു യാത്ര തിരിച്ചു.  ഹോസ്റ്റലുകൾ അടച്ചതിനെ തുടർന്ന് സുഹൃത്തുകളുടേയും പരിചയക്കാരുടേയും വീടുകളിൽ അഭയം തേടിയിരിക്കുകയായിരുന്നു ഇവർ. മനോരമ ന്യൂസ് വാർത്തയെത്തുടർന്ന് ഇവർക്കുവേണ്ടി കോൺഗ്രസ് ഇടപെടലുണ്ടായി. രണ്ടു ബസുകളിലായാണ് 50പേരെ കേരളത്തിലെത്തിക്കുന്നത്. മുഴുവൻ യാത്രാച്ചെലവും കോൺഗ്രസ് തന്നെയാണു വഹിക്കുന്നത്. 

കോവിഡ് വ്യാപനത്തിൻറെ തോത് അതിതീവ്രമായ ഭോപ്പാലിൽ രോഗഭീതിയുടെ നിഴലിലായിരുന്ന ഈ വിദ്യാർഥികൾ രണ്ടുസംഘങ്ങളായി, രണ്ടുദിവസങ്ങളിലായാണ് നാട്ടിലേക്കെത്തുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഉത്തരേന്ത്യൻ വിദ്യാർഥികളെയെല്ലാം അതതു സർക്കാരുകൾ ഇടപെട്ടു നേരത്തേ 

തന്നെ നാട്ടിലെത്തിച്ചിരുന്നു.സ്വന്തമായി വാഹനം  ഏർപ്പെടുത്തുന്നതിനുള്ള ഭീമമായ ചെലവു താങ്ങാനാകാതെ പ്രതിസന്ധിയിലായ ഇവരിൽ പലർക്കും മരുന്നുപോലും ലഭിച്ചിരുന്നില്ല. ഇവരുടെ ദുരവസ്ഥ ഉമ്മൻചാണ്ടിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയും രാഹുൽ ഗാന്ധിയുടെ ഒാഫിസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു 

വയനാട്ടിലേക്കുള്ള സംഘമാണ് ആദ്യദിവസം പുറപ്പെട്ടത്. മറ്റു ജില്ലകളിൽനിന്നുള്ളവരാണു രണ്ടാംദിനം നാടിൻറെ സുരക്ഷിതത്വത്തിലേക്ക് എത്തുന്നത്.