ഇന്ത്യയെ കരയിച്ച സൈക്കിൾ യാത്ര പങ്കുവച്ച് ഇവാൻക ട്രംപ്; രോഷത്തോടെ മറുപടികൾ

പരുക്കേറ്റ പിതാവിനെ സൈക്കിളിൽ ഇരുത്തി 1200 കിലോമീറ്റർ ദൂരം താണ്ടിയ മകളുടെ വാർത്ത രാജ്യത്ത് വലിയ ചർച്ചയായിരുന്നു. അവളുടെ സ്നേഹത്തിനും കരുതലിനൊപ്പം രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ കൂടി കാഴ്ചയായിരുന്നു ഇവരുടെ യാത്ര. ഇപ്പോൾ ഇൗ വാർത്തയുടെ ലിങ്ക് സഹിതം പങ്കുവച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ്. 

15 വയസുകാരി ജ്യോതികുമാരിയെയാണ് ഇവാൻക സന്തോഷത്തോടെ അഭിനന്ദിച്ചത്. എന്നാൽ ഇതിൽ സന്തോഷിക്കാൻ വകയില്ലെന്നും അവരുടെ അവസ്ഥ അതായിരുന്നെന്നും കുറിച്ച് ഒട്ടേറെപേരാണ് രംഗത്തെത്തുന്നത്. സൈക്കിളിൽ അച്ഛനുമായി 1200 കിലോമീറ്റർ താണ്ടിയ ജ്യോതികുമാരിയെ ഇന്ത്യയുടെ സൈക്ലിംഗ്‌ഫേഡറേഷന്‍  ട്രയല്‍സിന് ക്ഷണിക്കുകയും ചെയ്തിരുന്നു. ഈ പെണ്‍കുട്ടിയുടെ സാഹസികതയും സ്‌നേഹവും നിറഞ്ഞ പ്രവര്‍ത്തി ഇന്ത്യയിലെ സൈക്ലിംഗ് ഫെഡറേഷന്റെ ഭാവനകളെ ഉണർത്തി എന്നായിരുന്നു ഇവാന്‍ക വാർത്ത പങ്കുവച്ച് കുറിച്ചത്. ഇതിനെതിരെ രോഷം പങ്കുവച്ച് മറുപടിയും സജീവമാണ്.

ദിവസവും ശരാശരി 40 കിലോമീറ്ററാണ് ജ്യോതികുമാരി പരിക്കേറ്റ പിതാവിനേയും വഹിച്ച് ചവിട്ടിയത്. പലയിടത്തും ട്രക്ക് ഡ്രൈവര്‍മാര്‍ ഇവരെ സഹായിച്ചു. ഏഴ് ദിവസം കൊണ്ടാണ് 1200 കിലോമീറ്റര്‍ സഞ്ചരിച്ച് ബിഹാറിലെ ഗ്രാമത്തിലെത്തിയത്.