രാജ്യത്തെ കോവിഡ് കേസുകളിൽ ആശങ്കപ്പെടുത്തുന്ന വർധന

58 ദിവസത്തെ ലോക്ഡൗൺ പിന്നിടുമ്പോൾ  രാജ്യത്തെ കോവിഡ് കേസുകളിൽ ആശങ്കപ്പെടുത്തുന്ന വർധന. 1,12,359 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണം 3,435 ആയി. മഹാരാഷട്രയിൽ രോഗബാധിതരുടെയെണ്ണം നാൽപതിനായിരം കടന്നു. 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 776 പേർക്കും ഗുജറാത്തിൽ 371 പേർക്കും വൈറസ്ബാധ കണ്ടെത്തി.

നാലാംഘട്ട ലോക്ഡൗണിലേക്ക് കടന്നിട്ടും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 70% കേസുകളും മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളാണ്.  സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കനുസരിച്ച് അയ്യായിരത്തിനടുത്ത് പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 40.2% പേർ രോഗമുക്തി നേടി. ചികിൽസയിലുള്ള രോഗികളിൽ 2.9% പേർ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. മഹാരാഷ്ട്രയിൽ 41,642 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 1454 ആയി. തമിഴ്നാട്ടിൽ വൈറസ്ബാധ കണ്ടെത്തിയവരുടെയെണ്ണം പതിനാലായിരത്തോടടുത്തു. 

ഗുജറാത്തിൽ 12,910 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ പതിനായിരത്തിനുത്ത് കേസുകളും അഹമ്മദാബാദിലാണ്. സംസ്ഥാനത്ത് മരണസംഖ്യ 773 ആയി. 24 മണിക്കൂറിനിടെ 571 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ  ഡൽഹിയിൽ രോഗബാധിതരുടെയെണ്ണം 11,659 ആയി. രാജസ്ഥാനിൽ 212 പേർക്കും മധ്യപ്രദേശിൽ 242 പേർക്കും യുപിയിൽ 340 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. പഞ്ചാബിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു.