കോൺഗ്രസ് രക്ഷിച്ചെന്ന് തൊഴിലാളികൾ; ‘ബസ് യാത്രയിൽ’ രാഷ്ട്രീയപ്പോര്

അതിഥിത്തൊഴിലാളികളുടെ യാത്രയെച്ചൊല്ലി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സർക്കാരും തമ്മിൽ രാഷ്ട്രീയപ്പോര് മുറുകി.തൊഴിലാളികളെ കൊണ്ടുപോകാൻ പ്രിയങ്ക ഏർപ്പാടാക്കിയ 1000 ബസുകൾക്കു തിങ്കളാഴ്ച വൈകിട്ട് യാത്രാനുമതി നൽകിയ യുപി സർക്കാർ റജിസ്ട്രേഷൻ നടപടിക്കായി അവ ലക്നൗവിലെത്തിക്കാൻ ആവശ്യപ്പെട്ടു. ഡൽഹി അതിർത്തിയിലുള്ള ബസുകൾ ലക്നൗവിലേക്കു കാലിയായി എത്തിക്കാൻ ആവശ്യപ്പെടുന്നതു മനുഷ്യത്വരഹിതവും സമയം പാഴാക്കലുമാണെന്ന് യുപി അഡീഷനൽ ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ പ്രിയങ്ക പറഞ്ഞു. തൊഴിലാളികളെ ആത്മാർഥമായി സഹായിക്കാൻ യോഗി ആദിത്യനാഥിന് താൽപര്യമില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

തുടർന്നു നിലപാടു മാറ്റിയ സർക്കാർ ഡൽഹി – യുപി അതിർത്തിയിലുള്ള നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലേക്ക് 500 ബസുകൾ വീതം എത്തിക്കാൻ ആവശ്യപ്പെട്ടു. ബസുകൾ വൈകിട്ട് 5 മണിയോടെ എത്തിക്കാമെന്നു പ്രിയങ്കയുടെ ഓഫിസ് മറുപടി നൽകി.

ബസുകളുടേതെന്ന പേരിൽ കൈമാറിയ റജിസ്ട്രേഷൻ നമ്പറുകളിൽ ബൈക്കുകളും ഓട്ടോയും ചരക്കു വാഹനങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നും കോൺഗ്രസിന്റെ തൊഴിലാളി സ്നേഹം തട്ടിപ്പാണെന്നും പിന്നാലെ യുപി മന്ത്രി സിദ്ധാർഥ് നാഥ് സിങ് ആരോപിച്ചു. അതിർത്തിയിലെത്തിച്ച ബസുകൾ യുപി സർക്കാരിനു നേരിട്ടു പരിശോധിച്ചു ബോധ്യപ്പെടാമെന്നു കോൺഗ്രസ് തിരിച്ചടിച്ചു. 

വാഹനങ്ങളുടെ നമ്പർ തെറ്റായി രേഖപ്പെടുത്തി യുപി സർക്കാർ ജനങ്ങളെ വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്നും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് അജയ് കുമാർ ലല്ലു പറഞ്ഞു. ഇതിനു പിന്നാലെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്ന ഒരുപിടി വിഡിയോകൾ കോൺഗ്രസ് പുറത്തുവിട്ടത്. ദുരിതങ്ങൾക്കു കാരണം ബിജെപിയാണെന്നും കോൺഗ്രസാണു തങ്ങളെ രക്ഷിച്ചതെന്നും തൊഴിലാളികൾ പറയുന്നതാണു വിഡിയോയിൽ.