അലറിപ്പാഞ്ഞ് ഉംപുൻ ബംഗാൾ തീരത്തേക്ക് നീങ്ങുന്നു

ഉംപുൻ ചുഴലിക്കാറ്റ് സൂപ്പർ സൈക്ക്ളോണായി ബംഗാൾ തീരത്തേക്ക് നീങ്ങുന്നു. ഒഡീഷ ,ബംഗാൾ,ആന്ധ്ര, തമിഴ്നാട് തീരങ്ങളിൽ കനത്ത കാറ്റും മഴയും. ദേശീയ ദുരന്തനിവാരണ സേനയെ ചുഴലിക്കാറ്റ് ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ വിന്യസിച്ചു. ഉംപുൻ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ കേരളത്തിലും ശക്തമായ മഴയും കാറ്റും. തെക്കന്‍ ജില്ലകളില്‍ മഴ തുടരുന്നു. വൈക്കത്ത് വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. അൻപതിലേറെ വീടുകളും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകളും തകർന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിനു സാരമായ കേടുപാടുകളുണ്ടായി. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ് .

വൈക്കം നഗരസഭ പരിധിയിലാണ്  നാശനഷ്ടങ്ങൾ ഏറെയും. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തിടപ്പള്ളി, കലാപീഠം, ഊട്ടുപുര, ആനക്കൊട്ടിൽ എന്നിവ തകർന്നു. സിപിഐ കെട്ടിടത്തിന് മേൽക്കൂര വീണ് വലിയകവലയിൽ ക്ഷേത്ര കവാടത്തിന്റെ ഒരു വശം തകർന്നു. വൈക്ക ടൗണിൽ മാത്രം അൻപതിലേറെ വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി. വൈക്കം ഗേൾസ് സ്കൂളിൽ താമസിപ്പിച്ചിരുന്ന പതിനാറ് അഗതികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നഗരസഭയോട് ചേർന്നുള്ള മറ്റു പഞ്ചായത്തുകളിലും സ്ഥിതി സങ്കീർണമാണ്.

താറുമാറായ വൈദ്യുതി വാർത്താവിനിമയ സംവിധാനങ്ങൾ പുനസ്ഥാപിക്കാൻ ചുരുങ്ങിയത് മൂന്നുദിവസമെങ്കിലും വേണം. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ജീവനക്കാരെ വിന്യസിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്. ഇതേസമയം കാലാവസ്ഥ വെല്ലുവിളിയായി തുടരുന്നു.