പ്രതിരോധ ചെലവിൽ രാജ്യം മൂന്നാമത്; അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ ഇന്ത്യ

ഏഷ്യയിലെ വൻ സൈനിക ശക്തിയാകാൻ ശ്രമിക്കുന്ന ഇന്ത്യ, പ്രതിരോധ ചെലവിൽ ലോകത്തിൽ മൂന്നാമത്. സ്വീഡൻ ആസ്ഥാനമായ "സ്റ്റോക്ഹോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്" ആണ് കണക്കുകൾ പുറത്ത് വിട്ടത്. 2019ലെ കണക്കുകൾ ആണ് ഇപ്പോൾ പുറത്തുവന്നത്. പാക്കിസ്ഥാനും ചൈനയും പോലുള്ള രാജ്യങ്ങൾ അയൽക്കാരായ ഇന്ത്യയ്ക്കു പ്രതിരോധ സേനകളുടെ നവീകരണത്തിന് വൻതുക ചെലവഴിക്കേണ്ടി വരുന്നു എന്നതാണ് വസ്തുത. ഇരു രാജ്യങ്ങളുമായുള്ള അതിർത്തി തർക്കങ്ങളും ഒപ്പം പാക്കിസ്ഥാനെ കൂട്ടുപിടിച്ചു ചൈന ഇന്ത്യയ്ക്കെതിരെ നടത്തുന്ന ഒളിയുദ്ധവുമെല്ലാം പ്രതിരോധ രംഗത്ത്‌ കൂടുതൽ തുക ചെലവഴിക്കാൻ ഇന്ത്യയെ നിർബന്ധിക്കുന്നു. 

ഇന്ത്യൻ പ്രതിരോധ വിഹിതം 

71.1 ബില്യൺ ഡോളറാണ് (അഞ്ചുലക്ഷം കോടിയിലേറെ രൂപ) ഇന്ത്യ പ്രതിരോധ ചെലവുകൾക്കായി 2019ൽ നീക്കിവച്ചത്. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.4 ശതമാനം മാത്രമാണിത്. 2018നെക്കാളും 6.8 ശതമാനം വർധനവ്. 2009 മുതൽ 2018 വരെയുള്ള ദശകത്തിൽ 29% വർധനവാണ് ഇന്ത്യ വരുത്തിയത്. 

ഏഷ്യൻ രാജ്യങ്ങളിലെ ആയുധ മൽസരം പ്രധാനമായും ഇന്ത്യയും ചൈനയും തമ്മിലാണെങ്കിലും ചൈന വിരുദ്ധ ചേരിയിലുള്ള ദക്ഷിണ കൊറിയയും ജപ്പാനും പുത്തൻ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ മുൻപന്തിയിൽ തന്നെയുണ്ട്. ലോക രാജ്യങ്ങളെല്ലാം വൻവർധനവാണ് പ്രതിരോധ വിഹിതത്തിൽ 2019ൽ വരുത്തിയത്. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനവാണിത്. 1.9 ട്രില്യൺ അമേരിക്കൻ ഡോളറിന് തുല്യമായ തുകയാണ് 2019ലെ ആഗോള പ്രതിരോധ ചെലവ്. 2018നെക്കാളും 3.6% വർധനവ്. 2010ന് ശേഷം ആദ്യമായാണ് ഇത്രയും വർധന.

പ്രതിരോധ ചെലവിൽ അമേരിക്ക തന്നെയാണ് ഏറെ മുൻപിൽ. 732 ബില്യൺ ഡോളറാണ് 2019ലെ അമേരിക്കൻ പ്രതിരോധ ചെലവ്. അതായത് മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 3.4 ശതമാനമാണ് അമേരിക്ക പ്രതിരോധത്തിനായി നീക്കിവച്ചത്. 2018നെക്കാളും 5.3 ശതമാനത്തിന്റെ വർധന. നിലവിലെ കണക്കുകൾ പ്രകാരം ആഗോള രംഗത്തു പ്രതിരോധത്തിനായി ചെലവിടുന്ന തുകയുടെ 38 ശതമാനവും അമേരിക്കയാണ്. 

അമേരിക്കയോട് മൽസരിക്കുന്ന ചൈനയും വൻ വർധനവാണ് പ്രതിരോധ ചെലവിൽ വരുത്തിയിരിക്കുന്നത്. 261 ബില്യൺ ഡോളറാണ് ചൈനീസ് പ്രതിരോധ വിഹിതം. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 1.9 ശതമാനം മാത്രമാണിത്. എന്നാൽ 2018നെക്കാളും 5.1 ശതമാനത്തിന്റെ വർധനവുണ്ട്. ഇന്ത്യയ്ക്ക് പുറകിൽ റഷ്യയും (65.1 ബില്യൺ ഡോളർ), തൊട്ടുപുറകിൽ സൗദി അറേബ്യയുമാണുള്ളത് (61.9 ബില്യൺ ഡോളർ). അമേരിക്കയും ചൈനയും ഇന്ത്യയും റഷ്യയും സൗദി അറേബ്യയുംകൂടി ആഗോള പ്രതിരോധ ചെലവിന്റെ 62 ശതമാനമാണ് കയ്യാളുന്നത്. യൂറോപ്യൻ രാജ്യമായ ജർമനി 10% വർധനവാണ് പ്രതിരോധ ചെലവിൽ വരുത്തിയിരിക്കുന്നത്. റഷ്യൻ ഭീഷണി നേരിടാനാണ് ജർമനി വൻ നീക്കിയിരിപ്പ് നടത്തിയത്. 

എന്നാൽ ഫ്രാൻസും ബ്രിട്ടനും കഴിഞ്ഞ തവണത്തെക്കാൾ വർധനവ് കൊണ്ടുവന്നിട്ടില്ല. അമേരിക്ക നേതൃത്വം കൊടുക്കുന്ന നാറ്റോ അംഗരാജ്യങ്ങൾ എല്ലാംകൂടി 1,035 ബില്യൺ ഡോളറാണ് പ്രതിരോധത്തിനായി 2019ൽ ചെലവഴിച്ചത്. ആഭ്യന്തര കലാപങ്ങളും വൈദേശിക ഇടപെടലും രൂക്ഷമായ ആഫ്രിക്കൻ രാജ്യങ്ങളും പ്രതിരോധ വിഹിതം ഗണ്യമായി ഉയർത്തിയിട്ടുണ്ട്. എന്നാൽ സൗത്ത് അമേരിക്കൻ രാജ്യങ്ങൾ കാര്യമായ വർധനവ് വരുത്തിയിട്ടില്ല. 

പുത്തൻ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നത്, മറ്റ് നവീകരണ പ്രവർത്തനങ്ങൾ, സൈനികർക്കായുള്ള ക്ഷേമ പ്രവർത്തനങ്ങൾ, (ശമ്പളവും ഇതര ആനുകൂല്യങ്ങളും ഉൾപ്പെടെ), വിരമിച്ചവരുടെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇവയെല്ലാം ചേർത്താണ് ഓരോ രാജ്യത്തേയും പ്രതിരോധ ചെലവ് കണക്കാക്കുന്നത്.