ആരും വീടിന് തീവെക്കില്ലെന്ന് കരുതുന്നു; മോദിയെ പരിഹസിച്ച് ശിവസേനാ നേതാവ്

ഞായറാഴ്ച രാത്രി ദീപം തെളിച്ച് കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി അറിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് രാജ്യത്തെ മുഴുവന്‍ വൈദ്യുത വിളക്കുകളും അണച്ച് ടോര്‍ച്ചോ മൊബൈല്‍ ഫ്ലാഷ് ലൈറ്റോ പ്രകാശിപ്പിക്കണമെന്നാണ് ഇന്നലെ നൽകിയ വിഡിയോ സന്ദേശത്തിൽ മോദിയുടെ ആഹ്വാനം. പ്രധാനമന്ത്രിയുടെ ആഹ്വാനം കേട്ട് ആരും സ്വന്തം വീടിന് തീവെക്കില്ലെന്ന് പ്രതീക്ഷിക്കാമെന്നാണ് സഞ്ജയ് റാവത്ത് പരിഹസിച്ചത്.

''ജനതാ കര്‍ഫ്യൂ ദിനത്തില്‍ ജനങ്ങളോട് മോദി കയ്യടിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് റോഡിലിറങ്ങി കൂട്ടം കൂടി ഇറങ്ങി ചെണ്ട കൊട്ടി ആളുകൾ പ്രധാനമന്ത്രിയെ അനുസരിച്ചു'. ഇനി വിളക്കു തെളിക്കാനുള്ള ആഹ്വാനം കേട്ട് ആരും സ്വന്തം വീടിന് തീയിടാതിരുന്നാല്‍ മതിയായിരുന്നു. സര്‍, ‍ഞങ്ങള്‍ വിളക്ക് തെളിയിക്കാം, പക്ഷേ നിലവിലെ സാഹചര്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് എന്ന് കൂടി ദയവായി ഞങ്ങളോട് പറയണം'', സഞ്ജയ് ട്വീറ്റ് ചെയ്തു.

ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകിട്ട് അഞ്ചുമണിക്ക് ബാല്‍ക്കണിയില്‍ വന്നുനിന്ന് ജനങ്ങള്‍ പാത്രം കൊട്ടിയും കൈയടിച്ചും മണി മുഴക്കിയും ആരോഗ്യപ്രവർത്തകര്‍ക്ക് നന്ദി പ്രകാശിപ്പിക്കണമെന്ന്  പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഇതേ തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ആളുകൾ പുറത്തിറങ്ങി കൂട്ടം കൂടിനിന്ന് പാത്രം മുട്ടുകയും ശബ്ദമുണ്ടാക്കുകയും ചെയ്തിരുന്നു. ഇന്നലെ നൽകിയ വിഡിയോ സന്ദേശത്തിൽ‌  ആരും റോഡുകളില്‍ ഒത്തുകൂടരുതെന്ന് പ്രധാനമന്ത്രി പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു. 

പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്:

ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിട്ട് നേരം വീട്ടിലെ ലൈറ്റുകള്‍ അണച്ച് ബാല്‍കണികളില്‍ ദീപമോ ടോര്‍ച്ചോ മൊബൈല്‍ഫ്ളാഷ് ലൈറ്റോ തെളിയിക്കണം. ഇതിനായി ആരും കൂട്ടം കൂടുകയോ തെരുവില്‍ ഇറങ്ങുകയോ ചെയ്യരുത്. കോവിഡ് എന്ന ഇരുട്ടിനെ അകറ്റണം. ആരും ഒറ്റക്കല്ല, 130 കോടി ജനം ഒ‌ന്നിച്ചാണ്. സാമൂഹ്യഅകലം പാലിച്ചുവേണം യജ്ഞത്തില്‍ പങ്കെടുക്കാന്‍. കോവിഡിനെതിരായ പോരാട്ടം തുടരണം. ജനം ദുരിതം അനുഭവിക്കുന്നുണ്ടെന്ന് അറിയാം. പക്ഷേ ലോക്ഡൗണ്‍ അനിവാര്യമാണ്. ഇന്ത്യയെ ലോകരാജ്യങ്ങള്‍ പിന്തുടരുകയാണ്.