രാജസ്ഥാനിൽ മന്ത്രിമാരുടെ ശമ്പളത്തിൽ 75 % മാറ്റിവയ്ക്കും; ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളവും

രാജസ്ഥാനിൽ മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ മാർച്ചിലെ ശമ്പളത്തിന്റെ 75 ശതമാനം കൊടുക്കുന്നതു മാറ്റിവയ്ക്കാൻ തീരുമാനം. മുതിർന്ന ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ ഒരു ഭാഗവും ഇത്തരത്തിൽ പിടിച്ചുവയ്ക്കും. കൊറോണ വൈറസ് മൂലം ഉരുത്തിരിഞ്ഞിരിക്കുന്ന സാമ്പത്തിക പ്രയാസം മൂലമാണു സംസ്ഥാന മന്ത്രിസഭ ഈ തീരുമാനമെടുത്തത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ഒന്നു മുതൽ അഞ്ചു ദിവസത്തെ തുക മുഖ്യമന്ത്രിയുടെ കോവി‍ഡ് നിവാരണ നിധിയിലേക്കു ചേർക്കുന്നതിനു നേരത്തേ തീരുമാനിച്ചിരുന്നു.

ഓൾ ഇന്ത്യ സർവീസിൽപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ 60%, സംസ്ഥാന സിവിൽ സർവീസിൽപ്പെട്ട ഉദ്യോഗസ്ഥരുടെ 50%, സബോർഡിനേറ്റ് സർവീസിൽപ്പെട്ടവരുടെ 30% വീതം കുറവുചെയ്ത ശമ്പളമാകും മാർച്ചിൽ വിതരണം ചെയ്യുക. ആരോഗ്യമേഖലയിലും പൊലീസിലും ജോലി ചെയ്യുന്നവരുടെയും ക്ലാസ് ഫോർ ജീവനക്കാരുടെയും ശമ്പളത്തിൽ കുറവു വരുത്തില്ല. മറ്റു സാമൂഹിക സുരക്ഷാ ക്രമീകരണങ്ങളിൽ ഉൾപ്പെടാത്ത ബിപിഎൽ കാർഡുടമകൾ, നിർമാണത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ തുടങ്ങിയവർക്ക് 1500 രൂപവീതം വിതരണം ചെയ്യാനും തീരുമാനിച്ചു.

സാമൂഹിക സുരക്ഷാ പെൻഷൻ ഉപഭോക്താക്കൾക്ക് ഈ മാസം ആദ്യ ആഴ്ചതന്നെ മുഴുവൻ തുകയും നൽകാനും തീരുമാനിച്ചു. ലോക്ഡൗണിനെ തുടർന്നു സംസ്ഥാനത്തെ വ്യാപാര – വ്യവസായ മേഖല പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. റവന്യൂ വരുമാനത്തിൽ കഴിഞ്ഞമാസം 17000 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.