കോവിഡിനെ പ്രതിരോധിക്കാൻ മലേറിയയുടെ മരുന്ന് കഴിച്ചു; ഡോക്ടർക്ക് ദാരുണാന്ത്യം

കോവിഡ് 19 നെ ചെറുക്കുന്നതിനായി മലേറിയയ്ക്കുള്ള മരുന്ന് കഴിച്ച ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ ഗുവാഹട്ടി സ്വദേശിയായ ഡോക്ടർ ഉത്പല്‍ജിത് ബർമാനാണ് മരിച്ചത്. 44 കാരനായ ഇദ്ദേഹം അനസ്തേഷ്യ വിഭാഗം തലവനായിരുന്നു. 

കോവിഡിനെതിരായ പ്രതിരോധമെന്ന നിലയിൽ ഹൈഡ്രോക്സിക്ലോറോക്വിൻ താൻ എടുത്തതായി ഡോക്ടർ  സഹപ്രവർത്തകന് വാട്ട്സാപ്പ് സന്ദേശം അയച്ചിരുന്നു. മരുന്നെടുത്തതിന് ശേഷം എന്തോ അസ്വസ്ഥത ഉണ്ടെന്നും ഇദ്ദേഹമയച്ച സന്ദേശത്തിലുണ്ട്.  മരുന്നിന്റെ അളവ് കൂടിയതിനെ തുടർന്ന് ഹൃദയാഘാതം സംഭവിച്ചാണോ മരണമെന്നും വിദഗ്ധ സംഘം അന്വേഷിക്കുന്നു. 

വിദഗ്ധോപദേശമില്ലാതെ സ്വയം ഡോസെടുത്തതാണ് മരണകാരണമെന്നും ചില ആരോഗ്യവിദഗ്ധർ  അഭിപ്രായപ്പെട്ടു. മലേറിയയ്ക്കെതിരായ വാക്സിൻ സ്വയം സ്വീകരിക്കരുതെന്നും ജീവഹാനിയുണ്ടായേക്കുമെന്നും ഐസിഎംആർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. അസമുൾപ്പെടെ ആറു സംസ്ഥാനങ്ങളാണ് നിലവിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടാത്തതായി രാജ്യത്തുള്ളത്.