പൊതു സുരക്ഷാ നിയമം പിൻവലിച്ചു; ഫറൂഖ് അബ്ദുല്ലയ്ക്ക് മോചനം

ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷ്ണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഫറൂഖ് അബ്ദുല്ലയ്ക്ക് വീട്ടുതടങ്കലില്‍ നിന്ന് മോചനം. പൊതുസുരക്ഷാ നിയമം സര്‍ക്കാര്‍ പിന്‍വലിച്ചതോടെയാണ് തടവുവാസത്തിന് അവസാനമായത്. ഉടന്‍ ഡല്‍ഹിയിലെത്തി പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അബ്ദുല്ല പ്രതികരിച്ചു.

ഏഴുമാസത്തെ തടവുജീവിതത്തിന് വിരാമം. ശ്രീനഗര്‍ ഗുപ്കര്‍ റോഡിലെ വീട്ടില്‍ നിന്നും കശ്മീരിലെ ഏറ്റവും തലമുതിര്‍ന്ന നേതാവ് വീണ്ടും പൊതുസമൂഹത്തിലേയ്ക്ക്. ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതോടെ ഒാഗസ്റ്റ് 5 മുതലാണ് അബ്ദുല്ലയടക്കം കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കള്‍ തടവിലാകുന്നത്. തടവിലല്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായടക്കം ആണയിട്ടത്. എന്നാല്‍ വീട്ടില്‍ തടവിലാണെന്ന് അബ്ദുല്ല തന്നെ നേരിട്ട് വ്യക്തമാക്കി. സെപ്റ്റംബര്‍ 15ന് പൊതുസുരക്ഷാ നിയമം ചുമത്തി. വിഘടനവാദികള്‍ക്കും ഭീകര്‍ക്കും എതിരെ പ്രയോഗിക്കുന്ന നിയമമാണ് എംപിയും മൂന്നു തവണ മുഖ്യമന്ത്രിയുമായ അബ്ദുല്ലയ്ക്കെതിരെ പ്രയോഗിച്ചത്. തന്‍റെ പിതാവ് സ്വതന്ത്രനാകുന്നുവെന്ന് ഫറൂഖ് അബ്ദുല്ലയുടെ മകള്‍ സഫിയ അബ്ദുല്ല ഖാന്‍ ട്വീറ്റ് ചെയ്തു. പിന്നാലെ കുടുംബാംഗങ്ങള്‍ക്കൊപ്പം ലോകത്തിന് മുന്നിലെത്തി.

മുന്‍മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും തടവില്‍ തുടരുകയാണ്. ജമ്മുകശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിന്‍റെ ഭാഗമായി മണ്ഡല പുന:ര്‍ നിര്‍ണയത്തിന് സമിതി രൂപീകരിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ണായക രാഷ്ട്രീയ നീക്കം.