ഗുജറാത്തിലെ ഗിർവനത്തിൽ പുലിക്കുഞ്ഞിനെ ദത്തെടുത്ത് പെൺ സിംഹം; പാലൂട്ടി വളർത്തി; അപൂർവം

വർഗശത്രുക്കളായ മൃഗങ്ങൾ തമ്മിൽ ഒരുമിച്ച് മുന്നോട്ടുപോവുക എന്നത് തീർത്തും അസാധ്യമായ കാര്യമാണ്. അപ്പോഴാണ് ഗുജറാത്തിലെ  ഗിർ ദേശീയോദ്യാനം ലോകശ്രദ്ധ നേടുന്നത്. ഇവിടെ ഒരു പെൺസിംഹം ആൺ വർഗത്തിൽപ്പെട്ട ഒരു പുള്ളിപുലികുഞ്ഞിനെ ദത്തെടുത്ത് സ്വന്തം കുഞ്ഞിനെപ്പോലെ വളർത്താൻ തുടങ്ങിയതാണ് എല്ലാവരെയും അമ്പപ്പിച്ചത്. പുള്ളിപ്പുലികളും സിംഹങ്ങളും സാധാരണയായി ബദ്ധശത്രുക്കളാണ്. ഒരുവർഷം മുൻപായിരുന്നു ഇൗ അപൂർവസംഭവം.

രണ്ടു മാസം പ്രായമുള്ളപ്പോഴാണ് മൃദുവായ ചെവികളും നീലക്കണ്ണുകളുമൊക്കെയുള്ള പുലിക്കുഞ്ഞിനെ പെൺ സിംഹത്തിനു ലഭിച്ചത്. അതേപ്രായമുള്ള രണ്ട് സിംഹകുഞ്ഞുങ്ങളാണ് പെൺ സിംഹത്തിനുണ്ടായിരുന്നത്. അതിനാലാവണം പാലൂട്ടിയും സ്നേഹം നൽകിയും മൂന്നാമത്തെ കുഞ്ഞായി കണ്ട് സിംഹം പുലിക്കുഞ്ഞിനെ ആഴ്ചകളോളം പരിപാലിച്ചത്. എന്നാൽ  അധികം വൈകാതെ ഈ പുലികുഞ്ഞ് ചത്തു പോവുകയാണ് ചെയ്തത്.

മറ്റു മൃഗങ്ങളുടെ കുഞ്ഞിനെ പരിപാലിക്കുന്ന  മൃഗങ്ങൾ ധാരാളമുണ്ടെങ്കിലും വർഗശത്രുക്കളിലൊന്നിനെ തന്നെ സ്വന്തം കുഞ്ഞായി കാണുന്ന സംഭവങ്ങൾ വിരളമാണ്. എന്നാൽ ഗിർ ദേശീയോദ്യാനത്തിലെ പെൺ സിംഹവും പുലിക്കുഞ്ഞും ഒന്നര മാസത്തിലധികം ഒരുമിച്ചാണു കഴിഞ്ഞത്. സിംഹക്കുട്ടികളും പുലിക്കുഞ്ഞുമായി ഏറെ ഇണങ്ങിയിരുന്നു എന്നതാണ് മറ്റൊരു ആശ്ചര്യപ്പെടുത്തുന്ന വസ്തുത. മൂവരും ചേർന്നു കളിക്കുന്നത് നിരവധി തവണ ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജന്മനാ ബാധിച്ച രോഗം മൂലമാണ് പുലിക്കുഞ്ഞ് ചത്തതെന്നാണ് റിപ്പോർട്ട്.