മകളുടെ സുഹൃത്തായ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊന്നു; യുവാവ് അറസ്റ്റിൽ

മകളുടെ കളിക്കൂട്ടുകാരിയായ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ 30 കാരൻ അറസ്റ്റിൽ. ത്രിപുരയിലെ ഗോമതി ജില്ലയിലാണ് സംഭവം. കച്ക്​ല ത്രിപുര എന്നയാളാണ് അറസ്റ്റിലായത്. 

കച്ക്​ലയുടെ മകൾക്കൊപ്പം കളിക്കുന്നതിനായി വന്നതായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടി. വൈകുന്നേരമായിട്ടും കുട്ടി മടങ്ങിവരാത്തതിനെ തുടർന്ന് ഇവരുടെ വീട്ടിൽ അന്വേഷിച്ചെങ്കിലും കണ്ടില്ലെന്നായിരുന്നു മറുപടി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അരക്കിലോ മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹത്തിൽ കഴുത്ത് ഞെരിച്ചതിന്റെയും സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ചതിന്റെയും അടയാളങ്ങള്‍  ഉണ്ടായിരുന്നു. ഇതോടെ പെൺകുഞ്ഞിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിലും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലും കച്ക്​ലയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ ചുമത്തി.