സിപിഎം 0.01, നോട്ട 0.47; ഡൽഹിയിൽ നോട്ടയേക്കാള്‍ പിന്നില്‍: കണക്ക്

രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ആം ആദ്മി പാർട്ടി. ആകെ പോൾ ചെയ്ത വോട്ടുകളിൽ 53.62 ശതമാനം വോട്ടുകളും കെജ്​രിവാളിന്റെ പാർട്ടി നേടി എന്നത് ഭരണമികവിന്റെ ഉദാഹരണമാണ്. പൗരത്വ ഭേദഗതി നിയമം ബിജെപിയെ എങ്ങനെ ബാധിച്ചു എന്ന് വരും മണിക്കൂറുകളിലെ ചർച്ചകളെ സജീവമാക്കും. 38.57 ശതമാനം വോട്ടുകളാണ് ബിജെപി നേടിയിരിക്കുന്നത്. 4.36 ശതമാനം വോട്ടാണ് കോൺഗ്രസ് നേടിയത്. ചരിത്രത്തിലെ ഏറ്റവും ദയനീയമായ പ്രകടനം.

മൽസരരംഗത്ത് അത്ര സജീവമായിരുന്നില്ലെങ്കിലും സിപിഐ 0.02 ശതമാനം വോട്ടുകളും സിപിഎം 0.01 ശതമാനം വോട്ടുകളും നേടിയതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റിൽ നിന്നും വ്യക്തമാണ്. എന്നാൽ നോട്ട 0.46 ശതമാനം വോട്ടുകൾ നേടിയിട്ടുണ്ട്. 

ബവാനയിൽ സിപിഐ സ്ഥാനാർഥി അബിപ്സ ചൗഹാൻ 1104 വോട്ടുകളാണ് നേടിയത്. വാസിർപുർ മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി നാഥു റാം 139 വോട്ടുകളും പാലം മണ്ഡലത്തിൽ സിപിഐയുടെ ദിലീപ് കുമാർ 404 വോട്ടുകളും. ബഥർപുർ മണ്ഡലത്തിൽ സിപിഎമ്മിന്റെ ജഗദീഷ് ചന്ദ്് 420 വോട്ടുകളും കാരവാൾ നഗറിൽ സിപിഎമ്മിന്റെ രഞ്ജിത്ത് തിവാരി 413 വോട്ടുകളും നേടി.

ഇൗ അഞ്ചിൽ മൂന്നു മണ്ഡലങ്ങളിലും നോട്ടയ്ക്കും ബഹുദൂരം പിന്നിലാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാർഥികൾ എന്നതും ശ്രദ്ധേയം.