എ.കെ.47 തിരകളെയും ചെറുക്കും; ആദ്യ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ്‌ ഉണ്ടാക്കി ഇന്ത്യൻ മേജർ

എ.കെ.47 തോക്കിൽനിന്ന് വരുന്ന വെടിയുണ്ടകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ്‌ വികസിപ്പിച്ച് ഇന്ത്യൻ കരസേന മേജർ. മുൻ സോവിയറ്റ് ജനറലായ മിഖായേൽ കലഷ്നികോവ് എ.കെ.47 തോക്ക് രൂപകൽപ്പന ചെയ്തിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. 

ലോകത്തിൽ ഉപയോഗത്തിലിരിക്കുന്ന തോക്കുകളിൽ സൈനികർക്കും ഭീകരവാദികൾക്കും ഒരുപോലെ പ്രീയപ്പെട്ട തോക്കാണ് എ.കെ.47. ഇതിൽനിന്ന് പായുന്ന വെടിയുണ്ടകൾ വരുത്തുന്ന കൃത്യതയും നശീകരണ ശേഷിയും ഒപ്പം ലളിതമായ ഉപയോഗരീതിയുമാണ് എ.കെ.47നെ മറ്റ് തോക്കുകളിൽനിന്ന്  വ്യത്യസ്തമാക്കുന്നത്.

നാറ്റോ സഖ്യത്തിലെ രാജ്യങ്ങളിലെ സൈനികർ ഒഴിച്ച് ലോകത്തിലെ ബഹുഭൂരിപക്ഷം സൈനികരും എഴുപത് വർഷത്തിനിപ്പുറവും ഉപയോഗിക്കുന്ന തോക്ക്. ഏത് കാലാവസ്ഥാ സാഹചര്യത്തിലും ഉപയോഗിക്കാവുന്ന എ.കെ.47ൽനിന്ന് വരുന്ന വെടിയുണ്ടകളെ പ്രതിരോധിക്കാൻ ലോകത്തിലെ ഒരു ഹെൽമറ്റിനും (സൈനികർ ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ്‌) ഇതുവരെ കഴിഞ്ഞിരുന്നില്ല.  എന്നാൽ ഒരു ഇന്ത്യൻ കരസേന മേജർ ഇത്തരത്തിൽ ഒരു ഹെൽമറ്റ് നിർമിച്ചിരിക്കുകയാണ്. 

അതായത് 10 മീറ്റർ അകലെനിന്നുള്ള വെടിയുണ്ടകളെ ഈ ഹെൽമെറ്റ്‌ പ്രതിരോധിക്കും. മേജർ അനൂപ് മിശ്രയാണ് ഈ ഒരു ഹെൽമെറ്റ്‌ നിർമാണത്തിലൂടെ ശ്രദ്ധാകേന്ദ്രമാകുന്നത്. ശത്രുവിന്റെ സ്നൈപ്പർ തോക്ക് ആക്രമണത്തിൽനിന്നുവരെ  സൈനികർക്ക് സുരക്ഷാ കവചം ഒരുക്കുന്ന ദേഹം മുഴുവൻ മൂടുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഇതേ മേജർ കഴിഞ്ഞ ഡിസംബറിൽ നിർമിച്ചിട്ടുണ്ട്. ഇന്ത്യൻ ആർമിയുടെ മിലിറ്ററി എൻജിനീയറിങ്‌ കോളജിന്റെ ഭാഗമാണ് മേജർ അനൂപ് മിശ്ര. ലോകത്തിലെ പ്രതിരോധം കേന്ദ്രങ്ങളുടെയാകെ ശ്രദ്ധ ഇതിനകം മേജർ നേടിക്കഴിഞ്ഞിട്ടുണ്ട്.