ശരീരം കല്ലാകുന്നു; നടക്കാനും ഇരിക്കാനും പ്രയാസം; അപൂർവരോഗം; വേദന തിന്ന് പെൺകുട്ടി

കടുത്ത വേദനയിലും കണ്ണീരിലൂടെയും കടന്നു പോവുകയാണ് വെറും ഏഴുവയസുമാത്രമുള്ള ഇൗ പെൺകുട്ടി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളും വിഡിയോയും ആരുടെയും കണ്ണുനനയിപ്പിക്കും. ചത്തീസ്ഗഡിലെ ദണ്ഡേവാഡ ജില്ലയിലെ മഹേശ്വരി എന്ന പെൺകുട്ടിയാണ് അപൂർവരോഗത്തിന്റെ പിടിയിൽ വേദന തിന്നുന്നത്.

ശരീരത്തിലെ ത്വക്ക് കല്ലിന് സമാനമാകുന്ന ഗുരുതര രോഗമാണ് ഇൗ പെൺകുട്ടിയെ ബാധിച്ചിരിക്കുന്നത്. കയ്യും കാലും ശരീരത്തിന്റെ പിൻഭാഗത്തെ ത്വക്കും എല്ലാം ഇത്തരത്തിൽ കല്ലിന് സമാനമായി മാറിയിരിക്കുന്നു. ഇതോടെ ഇരിക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥയിലാണ് ഇൗ പെൺകുട്ടി. രോഗത്തിന്റെ മതിയായ ചികിൽസ ഇല്ലാ എന്നതും പെൺകുട്ടിയുടെ ജീവിതം ദുരിതത്തിലാക്കുന്നു.

ഗ്രാമത്തിലെ ആശുപത്രിയിൽ വേണ്ട ചികിൽസ ഇല്ലാത്തതിനാൽ നഗരത്തിലാണ് കുട്ടിയെ ഇത്രനാളും ചികിൽസിച്ചത്. എന്നാൽ ഇതുകൊണ്ട് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ആശുപത്രിയിലേക്ക് പോകാനുള്ള യാത്രാ സൗകര്യം പോലും ഇല്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. ‘epidermolytic ichthyosis' എന്ന അവസ്ഥയാണ് കുട്ടിക്കെന്ന് ഡോക്ടർമാർ പറയുന്നു. ഒരുവയസ് മുതലാണ് പെൺകുട്ടിയുടെ ശരീരത്തിൽ ഇത്തരം മാറ്റങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് ഇതു ശരീരത്തിന്റെ പല ഭാഗത്തേക്ക് പകരുകയായിരുന്നു.