ചൈനയില്‍ നിന്ന് ശുഭവാര്‍ത്ത; കൊറോണ ബാധിച്ച യുവതിക്ക് പെണ്‍കുഞ്ഞ് പിറന്നു

കൊറോണ ഭീതി നിലനിൽക്കുമ്പോഴും ചൈനയിൽ നിന്ന് സന്തോഷകരമായ ഒരു വാർത്ത പുറത്തുവരുന്നു. കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതി ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകി. എൻ‌ഇ ചൈനയുടെ ഹീലോംഗ്ജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാർബിനിലാണ് കൊറോണ വൈറസ് രോഗബാധിതയായ യുവതിക്ക് പെൺകുഞ്ഞു പിറന്നത്. ജനുവരി 30 നായിരുന്നു യുവതിയുടെ പ്രസവം നടന്നത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. 

ചൈന ഡെയ്ലിയുടെ ഫെയ്സ്ബുക് പേജിലൂടെയാണ് വാർത്ത പുറത്തുവിട്ടത്. കടുത്ത ആശങ്കയിൽ കഴിയുന്ന ആളുകൾക്ക് ഒരാശ്വാസമാവുകയാണ് ഈ വാർത്ത.  ഹ്യുബെ പ്രവിശ്യയിലെ വുഹാൻ നഗരത്തിലുള്ള ചന്തയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകം മുഴുവൻ ഭീതി പരത്തുകയാണ്. ചൈനയിൽ കൊറോണ വൈറസ് ഇതിനോടകം 361 പേരുടെ ജീവനെടുത്തു. ഇന്നലെ മാത്രം 57 പേരാണ് മരിച്ചത്. ഇതില്‍ 56 പേരും വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ഹുബൈയിലുളളവരാണ്. ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 17,205 ആയി. ഇന്നലെ 2829 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 

വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ സ്ഥിതി അതീവഗുരുതരവും സങ്കീര്‍ണവുമാണെന്ന് രാജ്യാന്തര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹുബൈയിലെ മെഡിക്കല്‍ വിഭവങ്ങളുടെ ശേഖരം ആവശ്യത്തിനില്ലെന്ന് പ്രവിശ്യ ഗവര്‍ണര്‍ വ്യക്തമാക്കി. ചൈനയ്ക്ക് പുറത്ത് ഫിലിപ്പീന്‍സില്‍ മാത്രമാണ് മരണം ഉണ്ടായിട്ടുളളത്.