രാജ് താക്കറെയെ ‘പേടി’; പൗരത്വത്തില്‍ വീണ്ടും മലക്കംമറിഞ്ഞ് ശിവസേന

പൗരത്വനിയമ വിഷയത്തിൽ വീണ്ടും മലക്കം മറിഞ്ഞ് ശിവസേന. പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും അനധികൃതമായി കുടിയേറിയ മുസ്‌‌ലിംകളെ കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമാണ സേന റാലി നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി ശിവസേനയും രംഗത്ത് എത്തിയിരിക്കുന്നത്. മുഖപത്രമായ സാമ്നയിലൂടെയാണ് പാർട്ടി നിലപാട് വ്യക്തമാക്കുന്നത്. ഒപ്പം മഹാരാഷ്ട്ര നവനിർമാണ സേന തലവൻ രാജ് താക്കറെയെ കടന്നാക്രമിക്കാനും സേന മറക്കുന്നില്ല.

പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും അനധികൃതമായി കുടിയേറിയ മുസ്‌‌ലിംകളെ പുറത്താക്കുക തന്നെ വേണം. അതിനൊരു മാറ്റമില്ല. ഇങ്ങനെയൊരു നിലപാടെടുക്കാൻ കൊടിയുടെ നിറം മാറ്റേണ്ട ആവശ്യമില്ല. ശിവസേനയ്ക്ക് അങ്ങനെയൊരു അവസ്ഥ വന്നിട്ടില്ല, അതിന്റെ നിറം എന്നും കാവി മാത്രമാണ്. എന്നും ഹിന്ദുത്വത്തിനുവേണ്ടി പോരാടുമെന്നും ലേഖനത്തിൽ പറയുന്നു.

എൻഡിഎ വിട്ട് കോൺഗ്രസ്-എൻസിപി സഖ്യത്തിന് ഒപ്പം ചേർന്ന സേന, തീവ്രഹിന്ദു നിലപാടിൽ നിന്ന് പിന്നോട്ട് പോകുന്ന സാഹചര്യത്തിൽ ബദൽ ശക്തിയായി ഉയർന്നു വരാനാണ് എംഎന്‍എസിന്റെയും രാജ് താക്കറെയുടെയും നീക്കം. കാവിനിറം ആരുടെയും കുത്തകയല്ല എന്ന് പ്രഖ്യാപിച്ചാണ് രാജ് താക്കറെ കൊടിയുടെ നിറം മാറ്റിയത്. എന്നാൽ ഇത് ബിജെപി ചേരിയിൽ ചേരാനും വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും സേന പരിഹസിച്ചു. ഏതാനും ആഴ്ച മുമ്പ് പൗരത്വനിയമത്തിനെതിരെ നിലപാടെടുത്തതാണ് രാജ് താക്കറെ, എന്നാൽ ബിജെപിക്ക് രാഷ്ട്രീയ ലാഭം ആവശ്യമായിട്ടാണ് ഈ മലക്കംമറിച്ചിലെന്നും സാമ്നയിലെ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

എന്നാൽ, ഈ നിലപാട് മാറ്റം സഖ്യ സർക്കാരിനെ ഏതുതരത്തിൽ ബാധിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ ലോകം.