സഞ്ജയ് റാവുത്തിനെ ഇഡി ചോദ്യംചെയ്യുന്നു; പ്രതിഷേധവുമായി ശിവസേന

പത്ര ചൗൾ ഭൂമി കുംഭകോണ കേസില്‍ ശിവസേന നേതാവും എം.പിയുമായ സഞ്ജയ്‌ റാവുത്തിനെ ഇ.ഡി. ചോദ്യംചെയ്യുന്നു. മുംബൈയിലെ വസതിയിൽ എത്തിയാണ് പരിശോധനയും ചോദ്യം ചെയ്യലും. ബന്ദൂക്കിലെ വസതിയിലടക്കം വിവിധയിടങ്ങളിൽ രാവിലെ ഏഴുമണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. അർധസൈനിക വിഭാഗത്തിന്റെ സുരക്ഷയോടെയാണ് ഇ.ഡി. നടപടി. സഞ്ജയ് റാവുത്തിന് പിന്തുണയുമായി ശിവസേന പ്രവർത്തകർ വീടിന് മുൻപിൽ തടിച്ചുകൂടിയിട്ടുണ്ട്. കേസിൽ ജൂലൈ ഒന്നിന് 10 മണിക്കൂർ സഞ്ജയ് റാവുത്തിനെ ചോദ്യംചെയ്തിരുന്നു. തുടർന്നുള്ള രണ്ട് സമൻസിന് സഞ്ജയ്‌ റാവുത്ത്‌ ഹാജരായിരുന്നില്ല. നേരത്തെ സഞ്ജയ്‌ റാവുത്തിന്റെ കുടുംബത്തിന്റെ 11 കോടിയോളം രൂപയുടെ ആസ്തി ഇ.ഡി. കണ്ടുകെട്ടിയിരുന്നു. ഗോരഗോവിലെ പത്ര ചൗള്‍ ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ആയിരത്തിലേറെ കോടിരൂപയുടെ ഇടപാട് നടന്നതായാണ് ആരോപണം. തെറ്റായ നടപടിയെന്നും കെട്ടിച്ചമച്ച തെളിവുകളെന്നും സഞ്ജയ് റാവുത്ത്‌ പറഞ്ഞു. ശിവസേന വിടില്ലെന്നും മരിച്ചാലും കീഴടങ്ങില്ലെന്നും ട്വീറ്റ് ചെയ്തു.