'മഹാ' പ്രതിസന്ധി നിയമപോരാട്ടത്തിലേക്ക്; ഡെപ്യുട്ടി സ്പീക്കർക്കെതിരെ വിമതർ കോടതിയിലേക്ക്

മഹാരാഷ്ട്രയിലെ ഭരണപ്രതിസന്ധി നിയമപോരാട്ടത്തിലേക്ക്. ശിവസേന നൽകിയ അയോഗ്യതാ ശുപാർശയിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച ഡെപ്യുട്ടി സ്പീക്കർക്കെതിരെ വിമതർ കോടതിയെ സമീപിച്ചേക്കും. ശിവസേന, ബാലസാഹെബ്‌ എന്നീ പേരുകൾ ഉപയോഗിക്കരുത് എന്ന പാർട്ടി വിലക്കിലും പരാതി നൽകുമെന്നാണ് വിവരം. അതേസമയം, കഴിഞ്ഞദിവസം രാത്രി ഷിൻഡെ അമിത് ഷായുമായി നേരിട്ട് ചർച്ച നടത്തിയെന്നാണ് സൂചനകൾ. ഗുവാഹത്തിയിൽ നിന്ന് ഗുജറാത്തിൽ പ്രത്യേക വിമാനത്തിൽ പോയി മടങ്ങിയെത്തിയെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്ര ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും ഒപ്പമുണ്ടായിരുന്നു. നിയമപരമായ നൂലമാലകൾ മറികടന്നു, കൃത്യമായ ഉറപ്പു ലഭിക്കാതെ സർക്കാർ രൂപീകരണത്തിനില്ല എന്ന് തന്നെയാണ് ബിജെപി നിലപാട്. അതേസമയം, വിമത എംഎൽഎമാർക്കെതിരെ ശിവസേന പ്രവർത്തകർ ആക്രമണം തുടരുന്നതിനിടെ പ്രതികരണവുമായി എക്‌നാഥ്‌ ഷിൻഡെ രംഗത്ത് വന്നു. മഹാവികാസ് അഘാടിയുടെ കീഴിലുള്ള ശിവസൈനികരുടെ ആത്മാഭിമാനം സംരക്ഷിക്കാനാണ്  ശ്രമിക്കുന്നതെന്ന് ഷിൻഡെ പ്രതികരിച്ചു.