സോഷ്യല്‍ മീഡിയയിലും പോണ്‍ നിരോധിക്കും; ശുദ്ധീകരണത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

2015-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏകദേശം 857 അശ്ലീല വെബ്സൈറ്റുകള്‍ രാജ്യത്ത് നിരോധിച്ചിരുന്നു. എന്നാല്‍ അശ്ലീല ചിത്രങ്ങളും വിഡിയോകളും അത്തരം സൈറ്റുകളിലൂടെ മാത്രമല്ല സോഷ്യല്‍ മീഡിയകളിലൂടെയും യൂട്യൂബിലൂടെയും യഥേഷ്ടം പ്രചരിക്കുന്നുണ്ട്. ഇതും നിരോധിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ഐടി കമ്പനികളോട് സഹായം അഭ്യര്‍ഥിക്കുകയാണ് സര്‍ക്കാര്‍. കുട്ടികള്‍ക്ക് പോലും ലഭ്യമാകുന്ന തരത്തില്‍ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. കോണ്‍ഗ്രസ് രാജ്യസഭം അംഗമായ ജയ്റാം രമേശ് നയിക്കുന്ന കമ്മിറ്റിയാണ് ഇതേക്കുറിച്ച് പഠനം നടത്തുന്നത്. ഗൂഗിള്‍, ഫെയ്സ്ബുക്ക്, ടിക്ടോക്, ഷെയര്‍ചാറ്റ് തുടങ്ങിയ കമ്പനികളുമായി ആ പാനല്‍ ചര്‍ച്ച നടത്തി ഇതില്‍ പ്രതിവിധി കണ്ടെത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 

ഇവരെല്ലാരും തന്നെ കമ്മിറ്റിയോട് പ്രതികരിച്ചിട്ടുണ്ട്. അശ്ലീല ഉള്ളടക്കമുള്ള വിരങ്ങള്‍ തിരയാന്‍ ഗൂഗിളിന് ഉപയോക്താവ് ലോഗിന്‍ വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കണം. യൂട്യൂബില്‍ അശ്ലീലത ഉള്ള വിഡിയോകള്‍ക്കെല്ലാം പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. ഷെയര്‍ചാറ്റ് പറഞ്ഞത് അമേരിക്ക നടപ്പലാക്കിയതു പോലെയുള്ള ഒരു നിയമം കൊണ്ടുവരികയാണ് ചെയ്യേണ്ടത് എന്നാണ്. അമേരിക്ക ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രോട്ടക്ഷന്‍ ആക്ട് (Children's Online Privacy ProtectionAct (COPPA) എന്നൊരു നിയമം കൊണ്ടുവന്നിരിക്കുകയാണ്. ഇത്തരം ഒരു നിയമമായിരിക്കും കുട്ടികള്‍ക്ക് പോണ്‍ എത്തിച്ചു കൊടുക്കുന്നതു തടയാനുള്ള നല്ല മാര്‍ഗ്ഗമെന്നാണ് അവരുടെ വാദം. 

തങ്ങള്‍ യാതൊരു തരത്തിലുമുള്ള പോണ്‍ കണ്ടെന്റും അനുവദിക്കുന്നില്ല എന്ന നിലപാടാണ് ഫെയ്‌സ്ബുക് കൈക്കൊണ്ടത്. തങ്ങളുടെ കീഴിലുള്ള ഇന്‍സ്റ്റഗ്രാമിന്റെ സിഥിതിയും വ്യത്യസ്തമല്ല എന്നും അവര്‍ പറയുന്നു. നിയമപരമായി പോസ്റ്റു ചെയ്യാവുന്നത് ഓപ്പറേഷന്‍ വഴി മാറിടം നീക്കം ചെയ്തവരുടെ ചിത്രങ്ങളും, മുലപ്പാല്‍ നല്‍കുന്ന അമ്മമാരുടെ ചിത്രങ്ങളുമാണ്. ഇതു കൂടാതെ, പ്രതിഷേധം എന്ന നിലയിലും അശ്ലീലം പ്രദര്‍ശിപ്പിക്കാമെന്നും കമ്പനി പറയുന്നു. ഒരു പ്രശ്‌നത്തെക്കുറിച്ചുള്ള അവബോധം കൂടുതല്‍ ആളുകളിലെത്തിക്കാൻ ഉള്ളതായിരിക്കണം ഇത്. വിദ്യാഭ്യാസപരമോ, ചികിത്സാ സംബന്ധമായോ ഇത്തരം ചിത്രങ്ങളും മറ്റും പോസ്റ്റ് ചെയ്യാനും അനുവദിക്കുന്നുണ്ട്. അല്ലാത്ത പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നിയമവിരുദ്ധമാണ് എന്നാണ് കമ്പനി അറിയിച്ചത്.