ജീവനോടെ കുഴിച്ചുമൂടും; മോദിക്കെതിരെ മ‌ുദ്രവാക്യം വിളിക്കുന്നവരെ വിരട്ടി യുപി മന്ത്രി; വിവാദം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യോ​ഗി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് ഭീഷണിയുമായി യുപി മന്ത്രിയും ബിജെപി നേതാവുമായ രഘുരാജ് സിം​ഗ്. സിഐഎ പിൻതുണച്ചുള്ള ജാഥയിലാണ് വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മന്ത്രി രംഗത്തു വന്നത്.

 'ബഹുമാന്യനായ പ്രധാനമന്ത്രിക്കും  മുഖ്യമന്ത്രി ആദിത്യനാഥിനും എതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ഞാൻ ജീവനോടെ കുഴിച്ചുമൂടും' എന്നായിരുന്നു മന്ത്രിയുടെ ആക്രോശം. പൗരത്വ നിയമ ഭേദഗതിക്കെതിരെ അലി​​ഗഡ് മുസ്‍ലിം സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. 

ഒരുശതമാനം മാത്രമാണ് നിയമത്തെ എതിർക്കുന്നതെന്നും ഇന്ത്യയിൽ താമസിച്ച് ഇവിടുത്തെ ടാക്സ്കൊണ്ട് ഭക്ഷണം കഴിച്ച് ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നു. അത് അനുവദിക്കാനാവില്ലെന്നെന്നും അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥ് മന്ത്രി സഭയിലെ തൊഴിൽ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് രഘുരാജ് സിം​ഗ്.