‘അവളെ കൂട്ടബലാൽസംഗം ചെയ്യാം; ആരെ തിരഞ്ഞെടുക്കും’; സ്കൂൾ കുട്ടികളുടെ ചാറ്റ്; അമ്പരപ്പ്

ക്ലാസിലെ പെൺകുട്ടികളെ അവർ വിളിച്ചിരുന്നത് ചവറുകളെന്ന്. അവർ സംസാരിക്കുന്നത് സഹപാഠികളെ ബലാൽസംഗം ചെയ്യുന്നതിനെ കുറിച്ച്. ഉപയോഗിച്ചിരുന്നത് കേട്ടാൽ അറയ്ക്കുന്ന ഭാഷ. അവരുടെ പ്രായം 13–14. മുംബൈയിലെ ഒരു സ്കൂളിലെ ആൺകുട്ടികളെക്കുറിച്ചാണ് പറയുന്നത്. മികച്ച നിലവാരം പുലർത്തുന്ന ഒരു ഇന്റർനാഷണൽ സ്കൂളിലെ എട്ട് വിദ്യാർഥികളെയാണ് കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തത്. വാട്സാപ്പിൽ അവർ അയച്ച മേസേജുകളാണ് അധ്യാപകരെയും മാതാപിതാക്കളെയും ഞെട്ടിച്ചത്.

വിദ്യാർഥിയായ മകന്റെ വാട്സാപ് ചാറ്റ് കണ്ട മാതാപിതാക്കൾ ആണ് ഇക്കാര്യം ആദ്യം സ്കൂളിൽ അറിയിക്കുന്നത്. അതിൽ അവർ ഉപയോഗിച്ചിരിക്കുന്ന വാക്കുകളെല്ലാം അശ്ലീലമായിരുന്നു. കൂട്ടബലാൽസംഗം, പീഡനം തുടങ്ങിയ പദങ്ങളാണ് ചാറ്റിലുടനീളം ഇവർ ഉപയോഗിച്ചിരിക്കുന്നത്. നൂറിൽ അധികം പേജ് വരുന്നതാണ് ചാറ്റുകൾ. 

ഈ പരാമർശങ്ങൾ കാരണം ചില പെൺകുട്ടികൾക്ക് വിഷമം ഉണ്ടായെന്നും സ്കൂളിൽ വരാൻ മടി കാണിക്കുന്നതായുമാണ് വിവരം. ബോഡി ഷെയിമിങ് നടത്തിയും സ്വവർഗാനുരാഗിയാണെന്നുമൊക്കെ പറഞ്ഞ് പെൺകുട്ടികളെ അധിക്ഷേപിക്കുന്നുണ്ട്. ക്ലാസിലെ ലീഡർമാരായ കുട്ടികളടക്കമാണ് ഇത്തരം സംഭാഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. 

ക്ലാസിലെ ഏത് പെൺകുട്ടിയുമായാകും ഒരു രാത്രി ചിലവഴിക്കാൻ ആഗ്രഹം തുടങ്ങിയ ചർച്ചകളും നടന്നു. പ്രധാനമായും രണ്ട് പെൺകുട്ടികളാണ് ഇവരുടെ ഇരകളായത്. സംഭവം എന്തായാലും സ്കൂൾ അധികൃതർ സാരമായി തന്നെയാണ് കാണുന്നതെന്നാണ് വിവരം. വാർത്ത പുറത്തു വന്നതോടെ പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. സോഷ്യൽ മീഡിയയും ഫോണും ഒക്കെയാണ് കുട്ടികളെ വഴി തെറ്രിക്കുന്നതെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.