തിക്കും തിരക്കും; ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

ട്രെയിനില്‍ നിന്ന് വീണ് 22 കാരിക്ക് ദാരുണാന്ത്യം. മുംബൈയിലെ സബര്‍ബന്‍ ട്രെയിനില്‍ നിന്നുമാണ് ചാര്‍മി പ്രസാദ് എന്ന യുവതി താഴേക്ക് വീണത്. ദൊമ്പിവിലി– കോപാര്‍ സ്റ്റേഷനിടയിലാണ് അപകടം നടന്നത്. അപകടം നടന്നതിന് ശേഷം ഗുരുതരമായി പരുക്കേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദൊമ്പിവില്ലിയിലെ ഭോപ്പാര്‍ സ്വദേശിനിയാണ് ചാര്‍മി പ്രസാദ്. തിങ്കളാഴ്ച രാവിലെ 9.30–യോടെയാണ് അപകടം നടന്നത്. അതിവേഗം ഓടുന്ന ട്രെയിനില്‍ നിന്നും അബദ്ധത്തില്‍ പുറത്തേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്വകാര്യ സ്ഥാപനത്തിലാണ് യുവതി ജോലി ചെയ്യുന്നത്. അവിടേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം നടന്നത്. 

രാവിലത്തെ തിരക്കുള്ള സമയത്ത് ട്രെയിനില്‍ നിന്നും താഴേക്ക് വീണതാകാം എന്നു തന്നെയാണ് ലോക്കല്‍ റെയില്‍വേ പൊലീസും വ്യക്തമാക്കുന്നത്.സബര്‍ബന്‍ ട്രെയിനുകളില്‍ നിന്നും വീണ് ദിവസേന അപകടങ്ങള്‍ പതിവായിരിക്കുകയാണ്. നിരവധിപേര്‍ക്കാണ് ജീവന്‍ നഷ്ടമകുന്നത്. 10 വര്‍ഷത്തിനിടെ 27,000 പേര്‍ക്കാണ് സബര്‍ബന്‍ ട്രെയിനുകളില്‍ നിന്ന് വീണ് മരിച്ചിരിക്കുന്നത്.