ഓടിയെത്തി ശ്രീധരനെ തള്ളിമാറ്റി; നിമിഷങ്ങൾക്കകം ട്രെയിൻ കടന്നുപോയി; രക്ഷകയായി വിദ്യാർഥിനി

വടകര: ട്രെയിൻ വരുന്നതറിയാതെ ട്രാക്ക് മുറിച്ചു കടക്കുകയായിരുന്ന, കേൾവിയില്ലാത്ത മുതിർന്ന പൗരനെ വിദ്യാർഥി രക്ഷപ്പെടുത്തി. മടപ്പള്ളി ഗവ. കോളജ് അവസാന വർഷ ബിരുദ വിദ്യാർഥിനി, കൊയിലാണ്ടി പെരുവട്ടൂർ കമ്മട്ടേരി താഴ ശ്രുതികയാണ് റിട്ട. അധ്യാപകനും ചോറോട്ടെ വ്യാപാരിയുമായ ശ്രീധരനെ (90) രക്ഷപ്പെടുത്തിയത്. 

ശ്രീധരൻ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചോറോട് മേൽപാലത്തിനു സമീപം ട്രാക്ക് മുറിച്ചു കടക്കുമ്പോൾ ട്രെയിൻ വരുന്നുണ്ടായിരുന്നു. ഇതു കാണാതെ ശ്രീധരൻ ആദ്യത്തെ ട്രാക്കിലൂടെ പോകുമ്പോൾ രണ്ടാമത്തെ ട്രാക്കിലുണ്ടായിരുന്ന ശ്രുതിക ഓടിയെത്തി ശ്രീധരനെ തള്ളിമാറ്റി. നിമിഷങ്ങൾക്കകം ട്രെയിൻ കടന്നു പോവുകയും ചെയ്തു.

ട്രെയിൻ വരുന്നതു കണ്ടു ബഹളം കൂട്ടിയെങ്കിലും ശ്രീധരൻ കേട്ടിരുന്നില്ല. പെരുവട്ടൂർ സ്വദേശിയായ ശ്രുതിക പരീക്ഷയായതു കൊണ്ട് ചോറോടുള്ള ബന്ധുവീട്ടിൽ താമസിക്കുകയാണ്. സംഭവം അറിഞ്ഞ് വിവിധ സംഘടനകൾ ശ്രുതികയ്ക്ക് അനുമോദനവുമായി വീട്ടിലെത്തി.