രാത്രിയിൽ വെള്ളവസ്ത്രം ധരിച്ചെത്തും; ആളുകൾ പേടിച്ചോടി; 'പ്രേതങ്ങൾ' പിടിയിൽ

90കളിലെ കന്നഡ ചിത്രങ്ങളിലെ 'പ്രേതങ്ങൾക്ക്' വെള്ള വസ്ത്രമണിഞ്ഞ നീളമുള്ള മുടി മുഖത്തിന് മുന്നിലേക്ക് വീണുകിടക്കുന്ന രൂപമായിരുന്നു. ആ പ്രേതരൂപങ്ങളെ ബെംഗളുരു നഗരത്തിൽ പുനരാവിഷ്കരിക്കാൻ ശ്രമിച്ച യുവാക്കൾ പുലിവാല് പിടിച്ചു. രാത്രി യാത്ര ചെയ്യുന്നവരെ ഈ രൂപത്തിലെത്തി പേടിപ്പിക്കാൻ ശ്രമിച്ചായിരുന്നു യുവാക്കളുടെ അതിരുവിട്ട തമാശ. ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

യെശ്വന്ത്പൂരിലെ ഷാരിഫ്നഗറിലാണ് യുവാക്കൾ പേടിപ്പിക്കാനിറങ്ങിയത്. വെള്ള വസ്ത്രം ധരിച്ച് മുടി മുന്നോട്ടിട്ട് ആളുകൾക്ക് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു ഇവർ. ഓട്ടോറിക്ഷ ഡ്രൈവർമാരും ഭിക്ഷക്കാരുമാണ് ഇതിനിരകളായത്. 

ഓട്ടോ ഡ്രൈവറായ ഷാൻ കാലിക്(20) ആണ് പൊലീസില്‍ പരാതി നൽകിയത്. റോഡില്‍ പ്രേതങ്ങളുണ്ടെന്നായിരുന്നു ഷാന്റെ പരാതി. ഇതിന് പിന്നാലെ കൂടുതൽ പരാതികളെത്തി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. 

ഷാൻ നല്ലിക്(22), നിവേദ് (20), സജീൽ മുഹമ്മദ് (21), മുഹമ്മദ് അഖ്‌യൂബ്(20), സാഖിബ്(20), സയിദ് നബീൽ(20), യൂസഫ് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.